തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ ആംബുലന്‍സിന് ഡ്രൈവര്‍ ഇല്ലാതായതോടെ ഡ്രൈവിങ് ജോലി ഏറ്റെടുത്തു പഞ്ചായത്തംഗം. തലയോലപ്പറമ്പ് പഞ്ചായത്ത് 5-ാംവാര്‍ഡ് അംഗം സജിമോന്‍ വര്‍ഗീസാണ് മഹാമാരിയുടെ കാലത്ത് ഡ്രൈവിങ് ജോലി ഏറ്റെടുത്ത് സമൂഹത്തിന് മാതൃകയായത്.
തലയോലപ്പറമ്പ് 4-ാംവാര്‍ഡ് അംഗം ഡൊമിനിക് ചെറിയാനും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡില്‍ ഉള്ളവരുടെ സ്രവം പരിശോധന നടത്താന്‍ ആശുപത്രിയില്‍ എത്തിക്കാനും മറ്റ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രോഗികളെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതും ഇപ്പോള്‍ സജി മോനാണ്.
പുതിയ ഡ്രൈവര്‍ ചുമതല ഏല്ക്കുന്നതു വരെ ഈ സേവനം തുടരുമെന്ന് സജിമോന്‍ വര്‍ഗീസ് പറഞ്ഞു. സ്വന്തമായി വാഹനം വിളിച്ച് ആശുപത്രിയില്‍ എത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന കൊവിഡ് പോസിറ്റീവ് ആയി വീടുകളില്‍ കഴിയുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഈ സേവനം വലിയ ആശ്വാസമാണ്.
കഴിഞ്ഞ പ്രളയകാലത്തും ഡ്രൈവര്‍ ഇല്ലാതിരുന്ന സമയത്ത് ആംബുലന്‍സില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സജിമോന്‍ സജീവമായിരുന്നു.