പാലാ: യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച്, ഗ്രാമീണ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് മണ്ഡലത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. വള്ളിച്ചിറയിലെ ചായക്കടയില്നിന്നായിരുന്നു പ്രഭാതഭക്ഷണം.
ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെകെ ശൈലജയും എത്തുമെന്നാണ് അറിയുന്നത്. പിണറായി വിജയന് 22-ന് രാവിലെ ഒന്‍പതിന് പാലാ കൊട്ടാരമറ്റം ജങ്ഷനിലും മന്ത്രി കെകെ ശൈലജ 23-ന് രാവിലെ ഒന്‍പതിന് എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്തും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.
അതേസമയം, കുറ്റ്യാടിയില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തില്‍ കുറ്റ്യാടി സീറ്റ് സിപിഐ എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മുന്നണിയുടെ ഐക്യത്തിന് ഒരു പോറല്‍ പോലും എല്പിക്കുന്ന ഒന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി അറിയിച്ചു.