കോട്ടയം: അവശനിലയില്‍ കോട്ടയം റെയില്‍വേ പ്ലാറ്റ് ഫോമില്‍ അലഞ്ഞുതിരിഞ്ഞ 60 വയസ്സുകാരിക്ക് തുണയായി റെയില്‍വേ പോലീസ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനിയായ സത്യവതിക്കാണ് (60) വനിതാ ദിനത്തില്‍ റെയില്‍വേ പോലീസ് തുണയായി എത്തിയത്.
പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന ഇവരെ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കോട്ടയം റെയില്‍വേ പ്ലാറ്റ് ഫോമില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശാലിനി കേശവന്, സ്റ്റേഷന് ജിഡി ചുമതലക്കാരി അനിജ, സിപിഒമാരായ സവിത, സിജൊ എന്നിവരെത്തി സത്യവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വിവരങ്ങള്‍ തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞിരുന്നത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് പേരും സ്ഥലവും വ്യക്തമായത്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള റെയില്‍വേ ടിക്കറ്റും ഇവരുടെ പക്കലുണ്ടായിരുന്നു.
തിരുവനന്തപുരം റെയില്‍വേ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ടിക്കറ്റുമായി പ്ലാറ്റ് ഫോമില്‍ അലഞ്ഞുതിരിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കേരള എക്സ്പ്രസില്‍ ഡിസേബിള്‍ഡ് കോച്ചില്‍ കയറ്റിവിടുകയായിരുന്നുവെന്ന് അറിയിച്ചു. കോട്ടയത്തെ പ്ലാറ്റ് ഫോമില്‍ അലഞ്ഞുതിരിഞ്ഞപ്പോഴാണ് റെയില്‍വേ പോലീസ് സഹായത്തിനെത്തിയത്.
വനിതാ പോലീസിന്റെ ശ്രമഫലമായി കോട്ടയത്തെ സ്നേഹക്കൂട് അഭയമന്ദിരം ഇവരെ താത്കാലികമായി താമസിപ്പിക്കാന്‍ തയ്യാറായി. മാനസികനില തെറ്റിയ ഇവരെ ടിക്കറ്റെടുത്തുനല്കി പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവരമറിഞ്ഞ് സത്യവതിയെ ഏറ്റെടുക്കാന്‍ ബന്ധുക്കളെത്തുമെന്ന പ്രതീക്ഷയിലാണ് വനിതാ പോലീസുകാരായ ശാലിനിയും സവിതയും അനിജയും
അതേസമയം, മനോനില തെറ്റിയ പ്രായമായവരെ പരിചരിക്കാന്‍ തയ്യാറാകാത്ത ബന്ധുക്കള്‍ ടിക്കറ്റെടുത്തുനല്കി തീവണ്ടിയില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് എസ്ഐ അരുണ്‍ നാരായണ്‍ പറഞ്ഞു.