ഈരാറ്റുപേട്ട: എന്തിനും ഏതിനും വാടകയും പ്രതിഫലവും വാങ്ങുന്ന ഇക്കാലത്ത് നാടിന് മാതൃകയായി യാത്രചെയ്യാന്‍ സൈക്കിള്‍ സൗജന്യമായി നല്കി ഒരു കടയുടമ. അതും രണ്ട് പേര്‍ക്ക് ഇരുന്നു ചവിട്ടി യാത്ര ചെയ്യാവുന്ന സൈക്കിളാണ് സവാരിയ്ക്കായി സൗജന്യമായി നല്‍കുന്നത്.
ഈരാറ്റുപേട്ടയിലെ വുഡ്ലാന്‍ഡ് ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഉടമ വയലങ്ങാട്ട് പരിക്കൊച്ചാണ് സൗജന്യ സവാരി സൈക്കിള്‍ നല്‍കുന്നത്. നാട്ടുകാര്‍ക്കു സൗജന്യമായി ഈ സൈക്കിള്‍ ഉപയോഗിക്കാം. ഇപ്പോള്‍ രാവിലെയും വൈകിട്ടും നാട്ടുകാര്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ എത്തുന്നുണ്ടെന്നു സൈക്കിള്‍ ഉടമ പരിക്കൊച്ച് പറയുന്നു. പൂര്‍ണമായും സൗജന്യമായാണു സൈക്കിള്‍ നല്‍കുന്നത്. ഉപയോഗിച്ചതിനു ശേഷം തിരികെ നല്‍കണം.
ദിവസവും പരിശോധനകള്‍ നടത്തി തകരാര്‍ ഇല്ലെന്നും ബോധ്യപ്പെട്ടതിനു ശേഷമാണ് ഉപയോഗിക്കാനായി നല്‍കുന്നത്. യുവാക്കളാണ് കൂടുതലും സൈക്കിളിനായി എത്തുന്നത്. ആവശ്യക്കാര്‍ കൂടുതലാണെങ്കില്‍ വരുന്ന മാസം ഇനിയും ഒന്നിലേറെ സൈക്കിള്‍ വരുത്താനാണ് പരിക്കൊച്ചിന്റെ പദ്ധതി.