കടുത്തുരുത്തി: കൊവിഡ് ദുരന്തകാലത്ത് വിശ്രമമില്ലാതെ 24 മണിക്കൂര്‍ മികച്ച സേവനത്തിന് മലയാളിക്ക് ഗോവയില്‍ പുരസ്കാരം. പെരുവ കാരിക്കോട് കല്ലറകുഴിയില് കെഎന്‍ ബാഹുലേയനാണ് സയന്റിസ്റ്റ് ഇ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായത്.
2020-2021 ല്‍ ഗോവ എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും വിദേശസഞ്ചാരികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് സുഗമമായി നടത്താന്‍ 24 മണിക്കൂറും ടെക്നിക്കല്‍ ഹെഡ് എന്ന നിലയില്‍ നടത്തിയ മികച്ച സേവനമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ചീഫ് എമിഗ്രേഷന്‍ ഓഫീസറില്‍ നിന്ന് ബാഹുലേയന് അവാര്‍ഡ് ഏറ്റുവാങ്ങി.
കൊവിഡ് ദുരന്തകാലത്ത് ആളുകളെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കുന്നതിനും വിദേശീയരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനും ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറും സുഗമമായ എമിഗ്രേഷന്‍ ക്ലിയറന്‍സ് വിദേശികള്‍ക്ക് ലഭിക്കുന്നതിനായി ബാഹുലേയന്റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ ടീം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. പുഷ്പവല്ലിയാണ് ഭാര്യ. ഗിരിധര്‍ ഏകമകനാണ്.