ഏറ്റുമാനൂര്‍: പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കെട്ടിടത്തിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു മരിച്ചു. തവളക്കുഴി ബീന നിവാസില്‍ നീരജ് റെജി (22) ആണ് മരിച്ചത്. ഏറ്റുമാനൂരിനു സമീപം ഇന്നലെ രാത്രി 9.30നാണ് സംഭവം.
ഏറ്റുമാനൂരിലെ ബാര്‍ബിക്യൂ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നീരജും സുഹൃത്തുക്കളും. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിനു പുറത്തു നിന്ന് സംസാരിച്ചിരുന്ന ഇവരുടെ സംഘവും മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. സംഭവം കയ്യാങ്കളിയിലേക്കു നീണ്ടതോടെ പോലീസ് സ്ഥലത്തെത്തി. ഇതോടെ യുവാക്കളുടെ സംഘം ചിതറിയോടുകയായിരുന്നു.
നീരജും മറ്റു 2 പേരും സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലേക്കാണ് ഓടിക്കയറിയത്. പിന്നീട് പോലീസ് സംഘം പോയെന്ന് ഉറപ്പുവരുത്തിയ യുവാക്കള്‍ പുറത്തെത്തിയപ്പോഴാണ് നീരജിനെ കാണാതായെന്ന് അറിഞ്ഞത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ അന്വേഷിച്ചപ്പോള്‍ 20 അടി താഴ്ചയുള്ള കുഴിയിലെ വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തി.
കുഴിയില്‍ 5 അടിയോളം വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കോട്ടയത്തു നിന്ന് അഗ്നിരക്ഷാസേന എത്തി നീരജിനെ പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വെള്ളം ശേഖരിക്കുന്നതിന് കെട്ടിടത്തിന്റെ നടയുടെ താഴെയായി നിര്‍മിച്ച കുഴിയിലാണ് നീരജ് വീണത്.
ചതുരാകൃതിയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് കുഴിക്ക് ആള്‍മറയില്ലാതിരുന്നതും സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഹോട്ടലിനു സമീപം യുവാക്കള്‍ പ്രശ്നമുണ്ടാക്കുന്നതായി അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്നാണു സ്ഥലത്തെത്തിയതെന്നു പോലീസ് പറഞ്ഞു. കൂട്ടം കൂടി നില്‍ക്കരുതെന്ന് അറിയിച്ച ശേഷം മടങ്ങുകയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.