കടുത്തുരുത്തി: പ്രവാസിയുടെ അകമഴിഞ്ഞ സഹായത്താല്‍ സ്വകാര്യ ബാങ്ക് ജപ്തിചെയ്ത മൂന്ന് സെന്റ് സ്ഥലവും പണി തീരാത്ത വീടും തിരിച്ചെടുത്ത് നിര്‍ദ്ധന കുടുംബം. അമേരിക്കയിലുള്ള പ്രവാസി ജിമ്മി കുന്നശ്ശേരി ജോര്‍ജ് ജി മുരിക്കനാണ് ആയാംകുടി പുതുശ്ശേരിക്കര പാറത്തോട്ടുകാലായില് പ്രദീപ് കുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കി ഇവരെ സഹായിച്ചത്.
പ്രവാസിയുടെ സുമനസാല്‍ വീടിന്റെ ബാക്കി പണിയും പൂര്‍ത്തിയാക്കിയാണ് കുടുംബത്തിന് കൈമാറിയത്. പ്രദീപിന്റെ അമ്മ കുട്ടിയമ്മ, ഭാര്യ ഓമന, മക്കളായ പ്രവീണ്‍, നിരഞ്ജന, നിജിത എന്നിവരാണ് നിര്‍ദ്ധന കുടുംബത്തിലെ മറ്റു അംഗങ്ങള്‍. കുട്ടിയമ്മയും നിരഞ്ജനയും രോഗികളാണ്.
2013-ല്‍ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് ഇവര്‍ വീട് നിര്‍മാണം ആരംഭിച്ചത്. വീട്ടുചിലവും കുട്ടികളുടെ വിദ്യാഭ്യാസവും കുട്ടിയമ്മയുടെയും നിരഞ്ജനയുടെയും ചികിത്സയുമെല്ലാം കൂടിവന്നതോടെ വായ്പയെടുത്ത തുക തിരിച്ചടയ്ക്കുവാന്‍ കഴിയാതെവന്നു.
2019-ല്‍ ബാങ്ക് 5.40 ലക്ഷം രൂപയ്ക്ക് വീട് ജപ്തി ചെയ്തു. കിടപ്പാടം നഷ്ടപെട്ടതോടെ നിര്‍ദ്ധന കുടുംബം ജപ്തി ചെയ്ത വീടിന്റെ വരാന്തയോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ഇതിനടിയിലാണ് രണ്ടു വര്‍ഷമായി കഴിഞ്ഞിരുന്നത്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പ്രവാസിയായ ജിമ്മി കുന്നശ്ശേരി നിര്‍ദ്ധന കുടുംബത്തിന്റെ വിവരമറിഞ്ഞ് ഇവരെ സഹായിക്കാന്‍ തയ്യാറായത്.
വായ്പ നല്കിയ സ്വകാര്യ ബാങ്കുമായി ചര്‍ച്ച നടത്തി വായ്പാതുകയായ 2.35 ലക്ഷം മാത്രം അടച്ച് വീടിന്റെ ആധാരം തിരികെ വാങ്ങി. തുടര്‍ന്ന് വീടിന്റെ പണി പൂര്‍ത്തിയാക്കി താക്കോല്‍ കുടുംബത്തിന് കൈമാറുകയായിരുന്നു.