അര്ബദത്തെ പോരുതി തോല്‍പ്പിച്ചു, വിരമിച്ചതിന് ശേഷവും സ്ക്കൂളില്‍ പഠിപ്പിക്കാനെത്തി ലോകത്തിന് പ്രചോദനമായി നിര്‍മ്മല ടീച്ചര്‍. ശതാബ്ദിയുടെ നിറവില്‍ നില്ക്കുന്ന കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍മല കെ റാണി എന്ന അധ്യാപികയാണ് ക്യാന്‍സറിനെ വിരട്ടിയോടിച്ച് ലോകത്തിന് തന്നെ പ്രചോദനമായി മാറുന്നത്.
2014ലാണ് അപ്രതീക്ഷിത ആക്രമണവുമായി ടീച്ചറുടെ ജീവിതത്തിലേക്ക് ക്യാന്‍സര്‍ എത്തിയത്. അന്നു കുട്ടികളും അവരുടെ മാതാപിതാക്കളുമെല്ലാം ടീച്ചര്‍ക്കൊപ്പം നിന്നു, പ്രാര്‍ഥിച്ചു. ആ സ്നേഹവും പ്രാര്‍ഥനയുമാണു തന്റെ ജീവിതത്തിലെ ഊര്‍ജമെന്നു നിര്‍മല വിശ്വസിക്കുന്നു.
സെന്റ് പീറ്റേഴ്സ് സ്കൂളില്‍ മാത്രം 15 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് ശേഷം 2020 മാര്‍ച്ചില്‍ വിരമിച്ചതാണു നിര്‍മല. അപ്പോഴേക്കും കൊവിഡ് കാലം തുടങ്ങിയിരുന്നു. സ്കൂളുകളില്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ ആയി.
നിര്‍മല ഉള്‍പ്പെടെ 10 അധ്യാപകരാണു അന്ന് വിരമിച്ചത്. പകരം നിയമനം നടന്നതും ഇല്ല. തുടര്‍ന്ന് ഹൈസ്കൂളില്‍ ഫിസിക്സ് പഠിപ്പിക്കാന്‍ ഒരു അധ്യാപിക മാത്രമുള്ള സ്ഥിതിയായി. സ്കൂള്‍ ഹെഡ്മാസ്റ്റര് കെസി ജോര്‍ജിനു നിര്‍മലയുടെ ഫോണ്‍ വിളി എത്തി… ‘ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ ഞാന്‍ സഹായിക്കട്ടേ’ എന്ന്. അങ്ങനെ ജനുവരി ഒന്നിനു സ്കൂള്‍ ജീവിതത്തിലേക്കു വീണ്ടും തിരിച്ചെത്തിയതാണു നിര്‍മല.
വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ കാണണമെന്നു നിര്‍മലയ്ക്കു പറഞ്ഞുകൊടുത്തതു സ്വന്തം പിതാവാണ്. അന്നു മുതല്‍ ക്ലാസിലെ കുട്ടികളെ ‘എന്റെ മക്കളേ…’ എന്നേ വിളിക്കാറുള്ളൂ.
സ്കൂളിന്റെ ശതാബ്ദി സമ്മേളനം എട്ടിനാണ്. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അന്നു തന്നെ നടക്കും. കഴിഞ്ഞ തവണ യാത്രയയപ്പു ലഭിച്ച നിര്‍മലയെന്ന അധ്യാപിക ഇത്തവണത്തെ യാത്രയയപ്പിനും സാക്ഷിയാകും.