ജീവിതത്തില്‍ ശബ്ദ കോലാഹലങ്ങളില്ല, പ്രേമഭാഷണങ്ങളില്ല, നിശ്ശബ്ദതയില്‍ പ്രണയം തുടിച്ചപ്പോള്‍ സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത പ്രവീണും ചിന്നുവും ഒന്നായി. പാലാ വെള്ളിയേപ്പള്ളി കോട്ടയില്‍ മോഹനന്-ഗിരിജ ദമ്പതികളുടെ മകനായ പ്രവീണും എരുമേലി താഴത്തെക്കുറ്റ് മോഹനന്-വിജയമ്മ ദമ്പതികളുടെ മകളായ ചിന്നുവുമാണ് വാക്കുകള്‍ക്കു പകരം കണ്ണുകളിലൂടെ പ്രണയം കൈമാറി വിവാഹിതരായത്.
ഇരുവരും പ്ലസ് ടു പഠിച്ചത് തിരുവല്ലയിലെ സ്പെഷല്‍ സ്കൂളിലാണ്. എന്നാല്‍ പഠനകാലത്ത് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രത്യേകിച്ച് അടുപ്പമൊന്നും തോന്നിയിട്ടില്ല. പക്ഷേ പ്രണയത്തിനു കാലദൈര്‍ഘ്യം ഒരു പ്രശ്നമേയല്ലല്ലോ…
പിന്നീട് 5 വര്‍ഷം ഇരുവരും കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് വാട്സാപ് കൂട്ടായ്മയിലൂടെ ഫോണ്‍ നമ്പര്‍ കിട്ടിയത്. ഇരുവരും ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറി. പിന്നീടു വീട്ടുകാരുടെ സാന്നിധ്യത്തില്‍ വീഡിയോ കോളുകളിലൂടെ പലപ്പോഴും കണ്ടു, പരസ്പരം അറിഞ്ഞു, ‘സംസാരിച്ചു.’ വാക്കുകള്‍ക്കു പകരം കണ്ണുകളും കൈവിരലുകളുമാണ് ഭാഷയായത്.
സ്നേഹത്തിനു വീട്ടുകാരുടെയും അനുമതിയായി. കഴിഞ്ഞ ദിവസം എരുമേലി ധര്‍മശാസ്ത ക്ഷേത്രത്തിലായിരുന്നു വിവാഹം. എത്രമാത്രം ഇരുവരും സ്നേഹിക്കുന്നുവെന്നു ചോദിച്ചാല്‍ ചിന്നു ഗ്ലോബ് ചൂണ്ടിക്കാട്ടി പറയും ഈ ഭൂഗോളത്തെക്കാള് ഏറെയെന്നു.