എലിക്കുളം: നഷ്ടപ്പെട്ട സൈക്കിളിന് പകരം പുത്തന്‍ സൈക്കിള്‍ വീട്ടിലെത്തിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സുധീഷും കുടുംബവും. ബര്ത്ഡേയ്ക്ക് പപ്പായി വാങ്ങിത്തന്ന സൈക്കിള്‍ ഓടിച്ചു മതിവരും മുന്‍പേ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു കുഞ്ഞു ജസ്റ്റിന്. പാവത്തിന് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സൈക്കിള്‍ നഷ്ടപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ പുതിയ സൈക്കിള്‍ വാങ്ങി നല്കാന് മുഖ്യമന്ത്രി കോട്ടയം കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടന്‍ കോട്ടയത്തു നിന്ന് സൈക്കിള്‍ വാങ്ങി കലക്ടര്‍ എം അഞ്ജന സുനീഷിന്റെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച കടയില്‍ നിന്നു വീട്ടിലെത്തിയപ്പോഴാണു പുതിയ സൈക്കിള്‍ കാണാതായ കാര്യം അറിഞ്ഞത്. പലരോടും ചോദിച്ചു. ആരും കണ്ടിട്ടില്ല. ഇതു സംബന്ധിച്ച് സൈക്കിള്‍ തിരിച്ചു കിട്ടാനായി ജസ്റ്റിന്റെ അച്ഛന് സുധീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്നുണ്ടായ പത്ര വാര്‍ത്തയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്കു റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു പുത്തന്‍ സൈക്കിള്‍ കലക്ടര്‍ എം അഞ്ജന കൊണ്ടു വന്നത് അപ്രതീക്ഷിതമായിരുന്നു.
കാണാതായ സൈക്കിളിന്റെ അതേ നിറത്തിലുള്ള പുത്തന്‍ സൈക്കിള്‍ തന്നെ കിട്ടിയപ്പോള്‍ ജസ്റ്റിനും അനിയത്തി ജസ്റ്റിയയ്ക്കും അച്ഛന് സുനീഷിനും അമ്മ ജിനിക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബും ജസ്റ്റിനു പുതിയ സൈക്കിള്‍ വാങ്ങി നല്കി.
കൈകാലുകള്‍ക്കു വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തിയാണു സഞ്ചരിക്കുന്നത്. എന്നാല്‍ വൈകല്യങ്ങള്‍ക്കു മുന്പില് മനസ്സു തളരാതെ പൊന്‍കുന്നം പാലാ റോഡില്‍ കുരുവിക്കൂട് ജംക്ഷനില്‍ സ്വന്തമായി സ്ഥാപനം നടത്തി വരികയാണ് സുനീഷ്. 9 വയസ്സുകാരന് മകന് ജസ്റ്റിനു ജന്മദിന സമ്മാനമായി വാങ്ങി നല്കിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി നഷ്ടപ്പെട്ടത്.
പുത്തന്‍ സൈക്കിളിന്റെ വിശേഷം ജസ്റ്റിന് എഴുതുന്നു…
മുഖ്യമന്ത്രി സാര്‍ ഒത്തിരി നന്ദി… എന്റെ സൈക്കിളിനു പകരം തന്നതിന്. കഴിഞ്ഞ ബുധനാഴ്ച കടയില്‍ നിന്നു വീട്ടിലെത്തിയപ്പോഴാണു സൈക്കിള്‍ കാണാതായ കാര്യം അറിഞ്ഞത്. പലരോടും ചോദിച്ചു. ആരും കണ്ടിട്ടില്ല. എന്റെ ബര്ത്ഡേയ്ക്ക് പപ്പായി വാങ്ങിത്തന്നതായിരുന്നു. ഓടിച്ചു മതിവന്നിരുന്നില്ല. സങ്കടം കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു പഴയ സൈക്കിളെങ്കിലും വാങ്ങിത്തരുമോയെന്നു പപ്പായിയോടു ചോദിച്ചു. സൈക്കിള്‍ കിട്ടാനായി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ടെന്നും ചിലപ്പോള്‍ തിരിച്ചു കിട്ടുമെന്നും പപ്പായി പറഞ്ഞു. കിട്ടുമായിരിക്കും എന്നു കരുതി കാത്തിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ, പഴയതിനു പകരം പുതിയ സൈക്കിള്‍ ഇന്നു വീട്ടിലെത്തുമെന്നു പപ്പായി പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. പിന്നെയാണു പത്രത്തിലെ വാര്‍ത്ത കണ്ടു മുഖ്യമന്ത്രി സാര്‍ എനിക്കു പുതിയ സൈക്കിള്‍ തരാന്‍ പറഞ്ഞെന്ന് അറിഞ്ഞത്. എന്റെ സൈക്കിളിന്റെ അതേ കളറിലുള്ള പുത്തന്‍ സൈക്കിളാണു മുഖ്യമന്ത്രി സാര്‍ തന്നത്. സൈക്കിള്‍ ഒത്തിരി വലുതാണ്. എനിക്കു സീറ്റില്‍ കയറിയിരുന്നാല്‍ കാല് എത്തില്ല. കലക്ടര്‍ മാമിനോടു പറഞ്ഞപ്പോള്‍ കോട്ടയത്തെ കടയില്‍ നിന്നു മാറിയെടുക്കാമെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. വീടിനടുത്തെ ക്ലബ്ബും സൈക്കിള്‍ തന്നു. ഇതാണു ഞാന്‍ ഇപ്പോള്‍ ഓടിക്കുന്നത്. ഞാന്‍ ഒത്തിരി ഹാപ്പിയാ…
അതേസമയം, സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയുടെ നേതൃത്വത്തില്‍ 2 പേരെ നിയോഗിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു.