കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റി പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂറും 12 അംഗ സംഘവും കുമരകത്തെത്തി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ്കുമാര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകളും സന്ദര്‍ശന പരിപാടികളും നടക്കുന്നത്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന്റെറ ഭാഗമായാണ് ടൂറിസം മന്ത്രിയും സംഘവും കുമരകത്തെത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉഷ താക്കൂറും പരസ്പര സഹകരണ കരാര്‍ ഒപ്പുവെച്ചു.
മന്ത്രി കുമരകത്തെയും അയ്മനത്തെയും വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിക്കുകയും വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായി കയര്‍പിരി, തെങ്ങുകയറ്റം, ഓലമെടയല്‍, പായ നെയ്ത്ത്, കള്ളുചെത്തല്‍, വലവീശല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുകയും ചെയ്തു.
മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് അഡീഷനല്‍ ഡയറക്ടര്‍ സോണിയ മീന, ഡോ. മനോജ് കുമാര്‍ സിങ് ഉള്‍പ്പെടെ 12 പേരാണ് മധ്യപ്രദേശ് സംഘത്തിലുള്ളത്. കേരളത്തിന്റെ പ്രതിനിധികളായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓഡിനേറ്റര്‍ രൂപേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ജില്ല കോഓഡിനേറ്റര്‍ ഭഗത് സിങ് തുടങ്ങിയവര്‍ ഒപ്പമുണ്ട്.
വെള്ളിയാഴ്ചയും കുമരകത്ത് ചെലവഴിക്കുന്ന സംഘം തൊട്ടടുത്ത ദിവസം പെപ്പര്‍ പദ്ധതി നടപ്പാക്കുന്ന വൈക്കത്തെ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കി 18ന് മടങ്ങും.