കോട്ടയം: ആദ്യം തലച്ചോറിലെ അണുബാധ, അതിന്ശേഷം ശ്വാസകോശം ചുരുങ്ങുന്ന രോഗം പിന്നെ കൊവിഡും വഴിമുടക്കി. രോഗങ്ങളെ അതിജീവിച്ച് അതുല്യ വീണ്ടും കുതിക്കുകയാണ് ജീവിതത്തിന്റെ ട്രാക്കിലേക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ ജേത്രിയായ അതുല്യയാണ് അസുഖങ്ങളെ മറികടന്ന് ഇപ്പോള്‍ വീണ്ടും ഗ്രൗണ്ടില്‍ സജീവമാകുന്നത്.
പരിശീലനത്തിനായി വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ അതുല്യ പി സജിയെന്ന പേര് ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരാവുകയാണ്. പമ്പാവാലി തുലാപ്പള്ളി പൊട്ടന് പറമ്പില്‍ സജി-സിന്ധു ദമ്പതികളുടെ മകളായ അതുല്യ ഇപ്പോള്‍ പാലാ അല്‍ഫോന്‍സ കോളജില്‍ ഒന്നാം വര്‍ഷ ബിഎ ഹിസ്റ്ററി കോഴ്സിന് ചേര്‍ന്നു.
ഈ വര്‍ഷം ആദ്യം ട്രാക്കിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയുണ്ടായെങ്കിലും കൊവിഡ് വഴി മുടക്കി. കോവിഡ് ഇളവുകള്‍ വന്നതിനാല്‍ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ തുറന്നതോടെ അതുല്യ വീണ്ടും ട്രാക്കില്‍ പരിശീലനം ആരംഭിച്ചു.
രോഗങ്ങള്‍ വലച്ച് ട്രാക്കില്‍ നിന്ന് ആശുപത്രിക്കിടക്കയിലേക്കു മടങ്ങേണ്ടി വന്ന അതുല്യ അല്‍ഫോന്‍സ കോളജ് കായിക വിഭാഗം മേധാവി ഡോ തങ്കച്ചന് മാത്യുവിന്റെ നേതൃത്വത്തിലാണു ഇപ്പോള്‍ പരിശീലനം നടത്തുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തോളം ട്രാക്കില്‍ നിന്നു മാറി നിന്നതിന്റെ ചെറിയ ഒരു ‘സ്റ്റാര്‍ട്ടിങ് ട്രബിള്‍’ ഉണ്ടെന്ന് അതുല്യ പറയുന്നു.
ഇതു വളരെ പെട്ടെന്ന് മറികടക്കുമെന്നും അതുല്യ വേഗം ട്രാക്കിലേക്ക് തിരിച്ചെത്തുമെന്നും പരിശീലകന് ഉറപ്പ് നല്കുന്നു. ഇഷ്ട ഇനമായ ഹര്‍ഡില്‍സ് തന്നെയാണ് അതുല്യ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അതുല്യ അസുഖം മൂര്‍ഛിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.