കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ രൂപത കലണ്ടര്‍ പുറത്തിറക്കിയതിന് പകരമായി സിസ്റ്റര്‍ അഭയയുടെ ചിത്രം അടങ്ങുന്ന കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍. കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ സംഘടനയായ കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനമാണ് സിസ്റ്റര്‍ അഭയ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ വെച്ചാണ് വിശ്വാസികള്‍ അഭയ കലണ്ടര്‍ പുറത്തിറക്കിയത്. അഭയ കേസിലെ സാക്ഷി രാജുവിനെ സംഘടന അനുമോദിച്ചു. ഫ്രാങ്കോയുടെ ചിത്രം അടങ്ങുന്ന കലണ്ടറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്‍വലിക്കാന്‍ തൃശൂര്‍ രൂപത തയ്യാറായിരുന്നില്ല.
2021 വര്‍ഷത്തെ കലണ്ടറിലാണ് ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കേരള കത്തോലിക്കാ നവീകരണ സമിതിയുടെ (കെസിആര്‍എം) നേതൃത്വത്തിലാണ് കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്.
‘കന്യാസ്ത്രീ പീഡകന് എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 2018-ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ അവര്‍ ഉള്‍പ്പെടുത്തി. ഇതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഭാ നേതൃത്വം കാണിച്ചാല്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇതു കണക്കാക്കണം.’
എന്നാണ് കെസിആര്‍എം സംഭവത്തില്‍ അന്ന് പ്രതികരിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍. ബലാത്സംഗ കേസില്‍ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുന്നതാണ് വിശ്വാസികളില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്. മാര്‍ച്ച് 25-നാണ് ഫ്രാങ്കോയുടെ ജന്മദിനം. ഫോട്ടോ സഹിതമാണ് കലണ്ടറില്‍ ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തിയിരിക്കുന്നത്.