ചാത്തന്നൂര്‍: യാത്രയ്ക്കിടെ അച്ഛന് മദ്യപിച്ചു ഫിറ്റായതിനെ തുടര്‍ന്ന് പകരം കാര്‍ ഓടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ഒടുവില്‍ അച്ഛന് പോലീസ് കസ്റ്റഡിയില്‍. ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം.
തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് മദ്യപിച്ചു ഫിറ്റായത്. തിരുവനന്തപുരം സ്വദേശികളായ ഇരുവരും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാര്‍ നിര്‍ത്തി ബോധമില്ലാത്ത അവസ്ഥയില്‍ പിതാവ് പുറത്തിറങ്ങി. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാര്‍ പറയുന്നു.
ഇതോടെ മകന് ഡ്രൈവിങ് സീറ്റിലേക്ക് കയറി സീറ്റ് ബെല്‍റ്റ് ധരിച്ചു കാര്‍ എടുത്തു. ഡ്രൈവിങ് സീറ്റില്‍ ഇരുന്നാല്‍ പുറത്തു കാണാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി തിരക്കേറിയ ദേശീയപാതയിലൂടെ കാര്‍ ഓടിച്ചു പോകുന്ന വിവരം നാട്ടുകാരാണ് ചാത്തന്നൂര്‍ സ്റ്റേഷനില്‍ അറിയിച്ചത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനു സമീപം പോലീസ് കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ മുന്നോട്ടു പോയി. കാറിന്റെ സൈഡ് സീറ്റില്‍ ഇരുന്ന പിതാവ് പോലീസിനെ കൈ വീശി കാണിച്ചു. പോലീസ് ജീപ്പ് ചെയ്സ് ചെയ്തു ചാത്തന്നൂര്‍ ജംക്ഷനില്‍ വച്ചു കാര്‍ തടഞ്ഞു. അനുനയത്തില്‍ ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു പോയി.
ബോധമില്ലാതെ അവസ്ഥയിലായ പിതാവില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പോലീസ്. പതിമൂന്നുകാരനായ മകന് മലപ്പുറത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി ഏറ്റെുത്തു. പിതാവ് പോലീസ് കസ്റ്റഡിയിലും.