കൊല്ലം: കൊവിഡ് മൂന്നാംതരംഗം കൂടുതല്‍ ബാധിക്കാനിടയുള്ളത് കുട്ടികളെയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ഭയന്നിരിക്കുന്ന മാതാപിതാക്കള്‍ അറിയാന്‍… പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
കുട്ടികളിലെ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍…
*കുട്ടികള്‍ക്ക് കഴിവതും റിവേഴ്സ് ക്വാറന്റീന് വേണം.
*തിരക്കുള്ള സ്ഥലങ്ങളില്‍ കുട്ടികളെ കൂട്ടരുത്.
*കൊവിഡ് പോസിറ്റീവായവര്‍, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ കുട്ടികളുടെ അടുത്തേക്ക് പോകരുത്.
*വീട്ടില്‍ നിന്ന് പുറത്തുപോകുന്നവര്‍ അണുവിമുക്തരാവാതെ കുട്ടികളുടെ അടുത്ത് ചെല്ലരുത്.
*പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവയാണ് കുട്ടികളില്‍ കാണുന്ന കൊവിഡ് ലക്ഷണങ്ങള്‍.
*ശരീരത്തില്‍ ചുവന്ന പാടുകള്‍, വയറുവേദന, കണ്ണ് ചുവക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പായും വൈദ്യസഹായം തേടണം.
കൊവിഡ് പോസിറ്റീവായ കുട്ടികളില്‍ അപൂര്‍വമായി കാണപ്പെടുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം (മിസ്ക്) ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വരെ സാരമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ഇതു ബാധിച്ച കുട്ടികളില്‍ രക്തത്തിന്റെ ഒഴുക്കിന് തടസ്സം നേരിട്ടേക്കാം. 2 വയസ്സ് മുതല്‍ 19 വയസ് വരെയുള്ളവരിലാണ് കൂടുതലായും മിസ്ക് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കൊവിഡ് പകരുന്നതായി എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നവജാതശിശുക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ ജനിക്കുന്ന കുഞ്ഞിനെ കൊവിഡ് സാരമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.