കൊല്ലം: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം. ബാലകൃഷ്ണപ്പിളളയുടെ മകന് കെബി ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.
രാവിലെ 9 മണി വരെ മൃതദേഹം കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷം വാളകെത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്കാര ചടങ്ങുകള്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്കാര ചടങ്ങുകള്‍.
കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന്, മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.
മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനായി പത്തനാപുരത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ഗണേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചതും മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും.
ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1934 ഏപ്രില്‍ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം.