കൊല്ലം: കൊവിഡ് ചികിത്സയ്ക്കായി എന്‍കെ പ്രേമചന്ദ്രന് എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പുതുതായി 11 വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികള്‍ക്ക് നല്‍കിയതായി എന്‍കെ പ്രേമചന്ദ്രന് എംപിയുടെ ഓഫിസാണ് അറിയിച്ചത്.
മെഡിക്കല്‍ കോളജ് -5, കൊല്ലം ജില്ലാ ആശുപത്രി – 5, കടയ്ക്കല്‍ ഗവ. ആശുപത്രി -1 എന്നീ ക്രമത്തിലാണ് വെന്റിലേറ്ററുകള്‍ നല്‍കിയത്. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച വെന്റിലേറ്ററുകള്‍ ഇപ്പോള്‍ രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചു വരുന്നു.
2020 മാര്‍ച്ച് മാസത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ എംപി ഫണ്ടില്‍ നിന്ന് 15 വെന്റിലേറ്ററുകള്‍ക്കായി ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്നു.
മാത്രമല്ല, ഇപ്പോള്‍ ഇതുകൂടാതെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 4 വെന്റിലേറ്ററുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആശുപത്രി സൂപ്രണ്ടിന്റെ ആവശ്യപ്രകാരം പ്രസ്തുത തുക മാമോഗ്രാഫി യൂണിറ്റ് ആരംഭിക്കുന്നതിനായി മാറ്റി അനുവദിച്ചു.