കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു മേയ് ഒന്ന് മുതല്‍ 9 വരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കൊവിഡ് മാനേജ്മെന്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
എല്ലാ കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണല്‍ നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. വോട്ടെണ്ണല്‍ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൗണ്ടിങ് ഹാളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഹാളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് പുറത്തേക്ക് പോകാന്‍ അനുവാദമില്ല.
വരണാധികാരികള്‍, നിരീക്ഷകര്‍ എന്നിവര്‍ക്ക് മാത്രമാണ് കൗണ്ടിങ് ഹാളിനകത്ത് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഹാളിനുള്ളില്‍ ഭക്ഷണവിതരണം ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രം ഭക്ഷണം കൊണ്ടുവന്ന് ഉപയോഗിക്കാം.
അതതു വരണാധികാരികളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. അച്ചന്‍കോവില്‍, അലിമുക്ക് ഭാഗങ്ങളില്‍ കര്‍ശന പോലീസ് പരിശോധന ഏര്‍പ്പെടുത്തും.
അതേസമയം, നാളെയും മറ്റന്നാളും ജില്ലയില്‍ ശുചിത്വ ദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.