കൊട്ടിയം: പരവൂര്‍ കായലില്‍ നഞ്ചുകലക്കി മത്സ്യബന്ധനം വ്യാപകമാകുന്നു. ഇതേതുടര്‍ന്ന് കായലോരത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വന്‍തോതില്‍ മത്സ്യസമ്പത്തിന്റെ നാശം വിതയ്ക്കുന്ന ഈ പ്രവൃത്തിയിലൂടെ ലഭിക്കുന്ന മത്സ്യം കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
വെള്ളിയാഴ്ച നേരംപുലര്‍ന്നതോടെ മയ്യനാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മുക്കം പൊഴിമുറിച്ചതിന്റെ കിഴക്കുഭാഗത്ത് ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതില്‍ വലിയ ഇനം മീനിനെയെല്ലാം നഞ്ചുകലക്കിയവര് ശേഖരിച്ചുകൊണ്ടുപോയി. ബാക്കി ചെറിയ ഇനം കരിമീനും കണമ്പുമാണ് കായലില്‍ ചത്തുപൊങ്ങിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുകാരണം മീന്‍ കിട്ടാതാകുന്ന അവസ്ഥയാണ്. വിഷം കലക്കിയതോടെ നിരവധി പാമ്പുകളും തീരത്ത് ചത്തടിഞ്ഞു. ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ കായലില്‍ കിടന്ന് ചീഞ്ഞ് അഴുകുന്നതോടെ തീരദേശത്ത് പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും.
നഞ്ചുകലക്കിയുള്ള മത്സ്യബന്ധനവും തൂപ്പും പടലും ഇട്ടുള്ള മത്സ്യബന്ധനവും പരവൂര്‍ കായലില്‍ വ്യാപകമാണെന്ന് പഞ്ചായത്തംഗം ലീന ലോറന്‍സും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് റാഫേല്‍ കുര്യനും ആരോപിച്ചു. ഫിഷറീസ് വകുപ്പും പോലീസും പഞ്ചായത്തും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അതേസമയം, വൈക്കത്ത് കഴിഞ്ഞ ദിവസം മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു. വൈക്കം കൊതവറ മണ്ണക്കാട്ട് തറയില്‍ എംഒ വര്‍ഗീസിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മത്സ്യകൃഷിയാണ് നഞ്ച് കലക്കി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതില്‍ സംശയംതോന്നി നടത്തിയ അന്വേഷണത്തിലാണ് മീന്‍കൃഷി നടത്തുന്ന സ്ഥലത്ത് നഞ്ച് കലക്കിയതായി അറിയുന്നതെന്ന് വര്‍ഗീസ് പറഞ്ഞു. നാല് ടണ്ണോളം മീന്‍ നശിച്ചിട്ടുണ്ടെന്ന് വര്‍ഗീസ് പറയുന്നു.