പുനലൂര്‍: അറുപത്തിയാറാം വയസ്സില്‍ 8000 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് കാശ്മീര്‍ വരെ പോയി പുനലൂരില്‍ മടങ്ങിയെത്തിയ ഫുട്ബോള്‍ താരം ജോസേട്ടനാണ് ഇപ്പോള്‍ നാട്ടിലെ താരം. ദിവസം ശരാശരി 700 കിലോമീറ്ററിലധികം യാത്ര ചെയ്ത് പുനലൂരില്‍ മടങ്ങിയെത്തിയ ജോസിനെ ഉജ്വല വരവേല്പോടെയാണ് നാട് സ്വീകരിച്ചത്.
20 ദിവസം മുന്‍പാണ് പുനലൂര്‍ വാളക്കോട് കല്ലംപറമ്പില്‍ വീട്ടില്‍ കെജി ജോസ് കാശ്മീരിലേക്കു സാഹസിക യാത്ര തിരിച്ചത്. ഏഴു ദിവസം കാശ്മീരില്‍ താമസിച്ചു, 13 ദിവസം പൂര്‍ണമായും യാത്രയായിരുന്നു.
പ്രവാസിയായിരുന്ന കാലത്തും സഞ്ചാരം ജോസിന് ഹരമായിരുന്നു. എന്നാല്‍ പ്രവാസിയായിരുന്ന ജോസ് കുറച്ചു ദിവസം മാത്രം അവധിക്കു നാട്ടില്‍ വന്നു തിരിച്ചു പോയിരുന്നതിനാല്‍ ദീര്‍ഘ ദൂരയാത്രകള് നടന്നിരുന്നില്ല. പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയതോടെയാണ് പുതിയ ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ വാങ്ങി ജോസ് യാത്രയ്ക്ക് പദ്ധതിയിട്ടത്.
പുനലൂര്‍ നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം, ഉപാധ്യക്ഷന്‍ വിപി ഉണ്ണിക്കൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്‍ ഡി ദിനേശന്, കൗണ്‍സിലര്‍മാരായ നാസില, ജി രഞ്ജിത്ത്, കൗണ്‍സിലര്‍ സോക്കര്‍ ക്ലബ് പ്രസിഡന്റും കൗണ്‍സിലറുമായ പിഎ അനസ്, വൈസ് പ്രസിഡന്റ് അനില്‍ ഇംപീരിയല്‍, സെക്രട്ടറി ആര് ശൈലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
പുനലൂര്‍ സോക്കര്‍ ക്ലബ് അംഗവും മികച്ച സംഘാടകനുമായ ജോസ് യാത്ര പോയ ദിവസങ്ങളൊഴികെ മുടങ്ങാതെ ഫുട്ബോള്‍ കളിക്കാന്‍ എത്താറുണ്ട്. സാഹസിക ഉദ്യമങ്ങള്‍ക്ക് പ്രായം പ്രശ്നമല്ലെന്നാണ് ജോസിന്റെ വാദം.