എഴുകോണ്‍: വഴിയില്‍ കിടന്നു കിട്ടിയ നോട്ടുകെട്ട് എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു നാടിന് മാതൃകയായി യുവാവ്. കടയ്ക്കോട് അനുമന്ദിരത്തില്‍ അനിക്കുട്ടന് (28) ആണ് തന്റെ സത്യസന്ധതയ്ക്ക് പണത്തേക്കാള്‍ മൂല്യമുണ്ട് എന്നു തെളിയിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെ ചീരങ്കാവിലെ പെട്രോള്‍ പമ്പിനു സമീപത്ത് റോഡരികില്‍ നിന്നാണ് അനിക്കുട്ടന് നോട്ടുകെട്ട് കിട്ടിയത്. എന്നാല്‍ അത് എത്ര രൂപയുണ്ടെന്ന് എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ നേരെ എഴുകോണ്‍ സ്റ്റേഷനിലെത്തി തുക കൈമാറിയ ശേഷം അനിക്കുട്ടന് മടങ്ങുകയായിരുന്നു.
കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപയാണ് പോലീസ് സ്റ്റേഷനില്‍ ഏല്പിച്ച് ഉടമയ്ക്കു തിരികെ ലഭിക്കാന്‍ അനികുട്ടന് അവസരമൊരുക്കിയത്. സിവില്‍ കോണ്ട്രാക്ടര് കുഴിയം ചെമ്മക്കാട് മിന്നാരത്തില്‍ എസ് ശിവപ്രസാദി (48) ന്റേതായിരുന്നു പണം. കൊട്ടാരക്കര ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങവേയാണ് വഴിയില്‍ പണം നഷ്ടപ്പെട്ടത്.
ശിവപ്രസാദ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് പണം സ്റ്റേഷനില്‍ ഏല്പിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് അറിയിച്ചത് അനുസരിച്ച് അനിക്കുട്ടന് സ്റ്റേഷനിലെത്തി എസ്ഐ എംആര്‍ രാകേഷ്കുമാര്‍, അഡീഷനല്‍ എസ്ഐ അനില്‍കുമാര്‍, സിപിഒ വിഎസ് ഗണേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക കൈമാറി.