എഴുകോണ്‍: വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനിലാ(19)ണു മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസമാണു സംഭവത്തിനു പിന്നിലെന്നാണ് പിതാവിന്റെ ആരോപണം. തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു പ്രവേശനം നേടിയ അനഘ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്.
ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാന്‍ അനഘ ബാങ്കില്‍ പോയിരുന്നു. ബാങ്കില്‍നിന്നു മകള്‍ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരന് അനന്തു.
എന്നാല്‍ അനഘയ്ക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഇന്നലെ അനഘ ബാങ്കില്‍ എത്തി അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ നല്‍കിയിരുന്നു. ആള്‍ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ബന്ധുവിന്റെ ആള്‍ജാമ്യം നല്‍കാം എന്നും പറഞ്ഞിരുന്നു. അനഘയുടെ സഹോദരനുമായി ഫോണില്‍ സംസാരിക്കുകയും വായ്പയുടെ കാര്യങ്ങള്‍ പറയുകയും ചെയ്തു. വായ്പ നല്‍കുമെന്ന് ഉറപ്പു പറഞ്ഞാണ് അനഘയെ മടക്കി അയച്ചതെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രവാസിയായിരുന്ന സുനില്‍ 2 വര്‍ഷമായി നാട്ടിലുണ്ട്. വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പയ്ക്കു അതു തടസ്സമാകുമോ എന്ന സംശയത്തില്‍ 45,000 രൂപ ഈയിടെ അടയ്ക്കുകയും ചെയ്തു. നാളെ കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്‍പായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം.