പുനലൂര്‍: കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയില്‍ അസ്വസ്ഥത തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ കിഴക്കന്‍ മേഖലയില്‍ വൈറല്‍ പനി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
പ്രായഭേദമന്യേ എല്ലാവരിലും പടരുന്ന വൈറല്‍പനി കുട്ടികളിലും ഇവരെ പരിചരിക്കുന്ന മുതിര്‍ന്നവരേയുമാണ് ബാധിക്കുന്നത്. കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് മിക്കവരും ആശുപത്രികളില്‍ എത്തി ചികിത്സ തേടാതെ സ്വയം ചികിത്സ നടത്തുകയാണ്.
പുനലൂര്‍ നഗരസഭയില്‍ കലയനാട്, മണിയാര്‍, അഷ്ടമംഗലം, കേളങ്കാവ് തുടങ്ങിയ വാര്‍ഡുകളില്‍ ഒട്ടേറെപ്പേര്‍ക്ക് വൈറല്‍പനി ബാധിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബുറേവി കൊടുങ്കാറ്റിനു ശേഷമുണ്ടായ കാലവസ്ഥ മാറ്റത്തിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ക്ക് പനി പിടിപെട്ടത്.
വൈറല്‍ പനി
വൈറല്‍ പനി ഉണ്ടാകാന്‍ വലിയ കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീരം താപനിലയില്‍ ഉണ്ടാവുന്ന ചെറിയ വര്‍ദ്ധനവുമെല്ലാം വൈറല്‍ പനിക്ക് കാരണമാകാം. മാത്രമല്ല, നാം ശ്വസിക്കുന്ന വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്നുചെല്ലുന്ന അണുബാധകള്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
പനിയോടൊപ്പം ജലദോഷം, തുമ്മല്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാവുന്നത് വൈറല്‍ അണുബാധകളുടെ ഏറ്റവും സാധാരണയായ ലക്ഷണമാണ്. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയെല്ലാം വൈറല്‍ പനിയുടെ ഭാഗമായി കൂടെ വരുന്നു. വൈറല്‍ പനി വന്നാല്‍ വല്ലാത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്.
ശരീരത്തിന് വൈറസിനെ ചെറുത്തു നിര്‍ത്താനുള്ള പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇത് പെട്ടെന്ന് മാറുവാനുള്ള മാര്‍ഗ്ഗം. സമീകൃതാഹാരം കഴിക്കുക, ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക, വേണ്ടത്ര വിശ്രമിക്കുക. തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരം വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചെയ്യേണ്ട നടപടികളാണ്.