കാസര്‍കോട്: ഒന്നര വയസുകാരനെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ബദിയടുക്ക പെര്‍ല കാട്ടുകുക്കെ പെര്‍താജെയിലെ ബാബു ശാരദ ദമ്പതികളുടെ ഏകമകന് സ്വസ്തിയാണ് മരിച്ചത്.
മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെളളിയാഴ്ച രാവിലെ 9.30 മണിയോടെ കുഞ്ഞിനെ കാണാതായതായി മാതാവ് അയല്‍വാസികളോട് പറഞ്ഞിരുന്നു.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് കാണാതായത്. ഇതേ തുടര്‍ന്ന് പിതാവ് ബാബു ജോലിക്ക് പോയ സ്ഥലത്തുനിന്ന് തിരിച്ചെത്തുകയും വീട്ടുകാരും പരിസരവാസികളും പരിസരത്തെ പറമ്പുകളിലും മറ്റും തിരച്ചില്‍ നടത്തുകയും ചെയ്തു. ഉച്ചയോടെ വീടിന് 300 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് തനിച്ച് കിണറിന് സമീപം എത്താന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാരും പോലീസും സൂചിപ്പിക്കുന്നത്. മാതാവ് ഇടയ്ക്ക് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ളതായി പറയപ്പെടുന്നു.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന് ശേഷം മാതാവിനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ശനിയാഴ്ച രാവിലെ ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.