കണ്ണൂര്‍: ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ധര്‍മ്മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം നേതാവ് മഹ് റുഫ് പിണറായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.
തന്നെപ്പോലുള്ള പ്രവര്‍ത്തകര്‍ ഹൃദയത്തിലേറ്റിയ നേതാവായ കെ സുധാകരന് എംപിയും ധര്‍മ്മടം മണ്ഡലത്തിലെ കരുത്തനായ നേതാവായ മമ്പറം ദിവാകരനും മത്സരിക്കുമെന്ന് പ്രതീക്ഷിച്ചു. ഇവരില്‍ ആരെങ്കിലുമൊരാള്‍ ഇവിടെ മത്സരിക്കുമെന്നാണ് തന്നെ പോലുള്ള പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പകരം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രൂപ്പുകളിക്കുന്ന ഒരു നേതാവിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മഹ് റുഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരനെ കാലുവാരിയത് അന്നത്തെ യുഡിഎഫ് കണ്‍വീനറായിരുന്ന സി രഘുനാഥാണ്. അന്ന് ഗ്രൂപ്പിന്റെ പ്രത്യേക യോഗത്തില്‍ മമ്പറം ദിവാകരനെതിരെ പരമാവധി വോട്ടുചെയ്യാന്‍ രഘുനാഥ് ആവശ്യപ്പെടുകയായിരുന്നു. തന്നെപ്പോലുള്ളവര്‍ ഇതിനെ പരസ്യമായി എതിര്‍ത്തതാണെന്നും മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും വോട്ട് തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലെ ഏറ്റവും വലിയ നേതാവ് ഇപ്പോഴും കെ സുധാകരന് തന്നെയാണെന്നും മഹ്റൂഫ് പറഞ്ഞു.
സുധാകരന് കോണ്‍ഗ്രസുകാരായ ഞങ്ങളുടെയൊക്കെ ആത്മാവും ഹൃദയത്തിന്റെ ഭാഗവുമാണ്. എന്നാല്‍ സുധാകരന് നിര്‍ത്തുന്ന ആരെയും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും മഹ്റൂഫ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ വ്യാജമാണെന്നും മഹ്റൂഫ് വ്യക്തമാക്കി.