ശ്രീകണ്ഠപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് നല്കാന് ഫേസ്ബുക്ക് ലൈവിലൂടെ ക്ലാസെടുത്ത 9-ാം ക്ലാസുകാരിക്ക് ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ്. മലപ്പട്ടത്തെ പൂജ പി നമ്പ്യാര്‍ ആണ് ഫേസ്ബുക്ക് ലൈവിലൂടെ 9-ാം ക്ലാസിലെ എല്ലാ വിഷയങ്ങളിലും ക്ലാസുകള്‍ ലൈവായി നല്കി റെക്കോര്‍ഡ് സ്വന്തമാക്കിയത്.
മൊബൈല്‍ ക്യാമറയിലൂടെയാണു ക്ലാസ് ചിത്രീകരണം. ഒരു പെണ്‍കുട്ടി കൊവിഡ് കാലത്ത് മറ്റ് കുട്ടികള്‍ക്ക് അധ്യാപകരുടെ സഹായമില്ലാതെ ഫേസ്ബുക്ക് ലൈവിലൂടെ ക്ലാസെടുത്ത് പാഠഭാഗങ്ങള്‍ മനസിലാക്കി കൊടുത്ത സംഭവം കേരളത്തില്‍ തന്നെ ആദ്യത്തേതാണ് എന്നാണു കണ്ടെത്തല്‍.
അത്യാവശ്യം ചെറിയ പരീക്ഷണങ്ങളും ക്ലാസിനിടയില്‍ ഉണ്ടാകും. പാഠഭാഗങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതും, ഒപ്പം മറ്റു കുട്ടികളെ പഠിപ്പിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി എന്ന് പൂജയുടെ പിതാവ് മലപ്പട്ടം പൂക്കണ്ടത്തെ കെപി പ്രേമരാജന്‍ പറയുന്നു.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ കണ്ടപ്പോള്‍ പൂജയുടെ മനസില്‍ തോന്നിയ ആശയമായിരുന്നു ഈ ലൈവ് ക്ലാസ്. ഇംഗ്ലിഷിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ക്ലാസ് കാണുന്നവരുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ സ്കൂളുകളിലെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ലിങ്ക് ഷെയര്‍ ചെയ്യാന്‍ തുടങ്ങി.
പഠിക്കാന്‍ മിടുക്കിയായ ഈ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ട്. മയ്യില്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി.