ജലദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്കരണ സന്ദേശവുമായി പുഴ നീന്തിക്കടന്ന് ആറുവയസ്സുകാരന്. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്നാണ് ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ബി ഡാരിയസ് പ്രഭു നീന്തല്‍ പഠിക്കണമെന്ന കാലികപ്രസക്തമായ ജീവന്‍രക്ഷ സന്ദേശം നല്‍കിയത്.
കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുമായ ലഫ്റ്റനന്റ് കമാന്‍ഡന്റ് ബിനേഷ് പ്രഭു-ചിത്ര ദമ്പതികളുടെ മകനാണ് ഡാരിയസ്. നീന്തല്‍ പരിശീലകന് ചാള്‍സന്റെ സുരക്ഷിത വലയത്തില്‍ അനായാസമായാണ് ഡാരിയസ് പുഴ നീന്തിക്കചന്നത്. പുഴയിലും കായലിലും കടലിലും നീന്താനാകുമെന്ന കുട്ടിയുടെ ആത്മവിശ്വാസമാണ് രക്ഷിതാക്കളുടെ അനുമതിയോടെയുള്ള നീന്തല്‍ പ്രകടനത്തിന് വഴിവെച്ചത്.
കേരളത്തില്‍ ഒരുവര്‍ഷം 1500 പേര് ജലഅപകടങ്ങളില്‍ മരിക്കുന്നു എന്നാണ് കണക്കുകള്‍ നല്കുന്ന വിവരം. നീന്തല്‍പഠിക്കൂ, ജീവന് രക്ഷിക്കൂ എന്ന സന്ദേശവുമായി മൂന്നുദിവസമാണ് നീന്തല്‍ പ്രകടനം നീണ്ടുനിന്നത്.
ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടിലും ജല അപകടങ്ങള്‍ ഭീകരമായ വിധത്തിലാണ് ഓരോ വര്‍ഷവും വര്‍ധിക്കുന്നത്. നീന്തല്‍ വശമില്ലാത്തതും ഈ ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മള് ഒരു തയ്യാറെടുപ്പും നടത്തുന്നില്ല എന്നതുമാണ് വസ്തുതയെന്നും ചാള്സണ് സ്വിമ്മിങ് അക്കാദമിയുടെ അമരക്കാരനായ ചാള്സണ് ഏഴിമല പറഞ്ഞു.
റോഡപകടങ്ങളുടെ കാര്യത്തില്‍ സുരക്ഷക്ക് കമ്മിറ്റികള്‍ നിലവിലുള്ള കേരളത്തില്‍ മുങ്ങിമരണങ്ങളുടെ കാര്യത്തില്‍ ഒരു മുന്‍കരുതലുമില്ല. കോവിഡ് വ്യാപനത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണമായ നിരീക്ഷണത്തിലായ കുട്ടികള്‍ സ്കൂളിലേക്ക് പോകാനൊരുങ്ങുകയാണ്. കൂടുതല്‍ ശ്രദ്ധ ആവശ്യമായ സമയമാണിത്. വരുംതലമുറകളെയെങ്കിലും ജല അപകടങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ആഹ്വാനവും ബോധവത്കരണവുമാണ് ഡാരിയസിന്റെ നീന്തല്‍ പ്രകടനത്തിലൂടെ സമൂഹത്തിന് നല്‍കുന്നതെന്നും ചാള്സണ് പറഞ്ഞു.