ചോറ്റാനിക്കര: പാറമടയില്‍ മുങ്ങിമരിച്ച അതിഥിത്തൊഴിലാളിക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്കാരത്തിനു നേരിട്ടിറങ്ങി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍. കഴിഞ്ഞ ശനിയാഴ്ച ശാസ്താംമുകളിലെ പാറമടയില്‍ മുങ്ങിമരിച്ച ബിഹാര്‍ സ്വദേശി രാജു കുമാര്‍ സാഹയ്ക്കാണു (29) പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഭാര്യയും 3, 6 വയസ്സുള്ള കുട്ടികളുമുള്ള രാജുവിന്റെ മറ്റു ബന്ധുക്കളാരും കേരളത്തില്‍ ഇല്ലാത്തതിനാലാണു തിരുവാണിയൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെവി സനീഷ് സംസ്കാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം.
അതേസമയം, തൃശ്ശൂര്‍ വെള്ളാങ്ങല്ലൂരില്‍ കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ് മാതൃകയായി. പാലപ്രക്കുന്നിലെ കൊവിഡ് സ്ഥിരീകരിച്ച വീട്ടിലേക്കു വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതിച്ചതോടെയാണ് പിപിഇ കിറ്റ് ധരിച്ച് മുകേഷ് തന്നെ ടാങ്കില്‍ വെള്ളം നിറച്ചു നല്‍കിയത്.