പെരുമ്പാവൂര്‍: രാഹുല്‍ഗാന്ധി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ രാഹുലിന് ഛായാചിത്രം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കിടിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി ഓഫിസിന് എതിര്‍വശത്തെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലായിരുന്നു സംഭവം.
സംഘര്‍ഷത്തില്‍ പരുക്കേറ്റ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛായാചിത്രം നല്കുന്നതിനു വേദിയില്‍ കയറാന്‍ 6 പേരെയാണു നിശ്ചയിച്ചത്. എന്നാല്‍ പോലീസും സുരക്ഷാ സേനയും എണ്ണം മൂന്നായി ചുരുക്കി. ഇതനുസരിച്ച് 3 പേര് വേദിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞു.
വേദിക്കു താഴെയുണ്ടായ പ്രശ്നം നേതാക്കള്‍ ഇടപെട്ടു ഒഴിവാക്കുകയും ഛായാചിത്രം സമ്മാനിക്കല്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നു പാര്‍ട്ടി ഓഫിസില്‍ അനുരഞ്ജന ചര്‍ച്ച നടന്നു. ഛായാചിത്രം നല്കാന് ശ്രമിച്ച പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി ഓഫിസില്‍ ഇരിക്കുമ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.
നെറ്റിയില്‍ അടിയേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ ഷിയാസ് കുന്നത്താന്‍ എന്ന പ്രവര്ത്തകന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേര് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. പോലീസില്‍ പരാതി നല്‍കിയിട്ടില്ല.