കൊച്ചി: പഞ്ചവടിപ്പാലം എന്ന നാണക്കേടില്‍ നിന്നു റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്ത പാലമായി മാറി നമ്മുടെ പാലാരിവട്ടം മേല്‍പ്പാലം. പണി പൂര്‍ത്തിയാക്കി ആദ്യം 2016ല്‍ പാലം തുറന്നെങ്കിലും ഒരു വര്‍ഷം തികയുന്നതിനു മുന്‍പുതന്നെ ഇരുപതോളം കുഴികളാണു മേല്പാലത്തിലുണ്ടായത്.
പാലത്തില്‍ എക്സ്പാന്ഷന് ജോയിന്റുകള്‍ക്കു പകരം സ്വീകരിച്ച ഡെക്ക് കണ്ടിന്യുറ്റി രീതിയിലാണ് ആദ്യം പ്രശ്നങ്ങള്‍ കണ്ടത്. ടാറിങ്ങിലും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. 2017ല്‍ നടന്ന പരിശോധനയ്ക്കു പിന്നാലെ 2018ല്‍ ദേശീയ പാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പരിശോധനയിലും നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറായില്ല.
ഡിസൈന്‍ ഘട്ടം മുതല്‍ വീഴ്ചയുണ്ടെന്നും നിര്‍മാണ സാമഗ്രികളുടെ കുറവു പ്രകടമാണെന്നും ഐഐടിയും റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ജൂണ്‍ 17ന് ഇ ശ്രീധരന്, കോണ്‍ക്രീറ്റ് വിദഗ്ധന്‍ പ്രഫ. മഹേഷ് ടണ്ഡന്, ചെന്നൈ ഐഐടി പ്രഫ പി. അളഗുസുന്ദര മൂര്‍ത്തി എന്നിവരുടെ നേതൃത്വത്തില്‍ പാലം പരിശോധിച്ചു.
19 സ്പാനുകളില്‍ 17 എണ്ണത്തിലും 102 ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളലുണ്ടെന്നും അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ 17 സ്പാനുകളും പൊളിച്ചു പണിയണമെന്നും ശ്രീധരന് ശുപാര്‍ശ ചെയ്തു. ഭാരപരിശോധനയ്ക്കെതിരായുള്ള സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി വിധിയും പാലം പുനര്‍നിര്‍മിക്കാനായിരുന്നു. തുടര്‍ന്നാണു ഡിഎംആര്‍സി പാലം പുനര്‍നിര്‍മാണം ഏറ്റെടുത്തത്.
കാബിനറ്റ് തീരുമാനപ്രകാരം നിര്‍മ്മാണ മേല്‍നോട്ടം ഡിഎംആര്‍സിയെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു നല്കി. 22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ പ്രസ്തുത നിര്‍മ്മാണത്തിനു 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നത് അഭിമാനകരമാണ്.
100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ട് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന് അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ലെന്നും പൂര്‍ത്തിയായ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അന്നേ ദിവസം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.