പറവൂര്‍: കാറില്‍ കെട്ടി റോഡിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കപ്പെട്ട നായ ‘അബാക്ക’ അമ്മയായി. ചൊവ്വാഴ്ച രാത്രി 3 ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് അബാക്ക ജന്മം നല്‍കിയത്. ഒരാള്‍ക്ക് അമ്മയുടെ തവിട്ടു നിറവും മറ്റ് രണ്ടു പേര്‍ക്കു കറുപ്പു കലര്‍ന്ന തവിട്ടു നിറവുമാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ 11നാണ് അബാക്കയെ കാറിന്റെ പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. എറണാകുളത്ത് നെടുമ്പാശേരി പറവൂര്‍ റോഡില്‍ ചാലാക്കയിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 30 കിലോമീറ്ററോളം വേഗത്തില്‍ പാഞ്ഞ കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളര്‍ന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു.
തുടര്‍ന്ന് അബാക്കയെ ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് ഏറ്റെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്റായ ടിജെ കൃഷ്ണന്റെ സംരക്ഷണത്തിലാണ് അബാക്ക. റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സമയത്ത് അബാക്ക 3 ദിവസം ഗര്‍ഭിണി ആയിരുന്നു എന്നു ചൂണ്ടിക്കാട്ടി ‘ദയ’ കഴിഞ്ഞ ദിവസം നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.