പെരുമ്പാവൂര്‍: വില്ലേജ് ഓഫിസിലെ ക്രമക്കേടുകള്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്ത കൂവപ്പടി വില്ലേജ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം. വില്ലേജ് ഓഫിസര്‍ ബി മഹേഷിനെ ആലുവ എന്‍എച്ച് നമ്പര്‍ 2 സ്ഥലമെടുപ്പു വിഭാഗം സ്പെഷല്‍ തഹസില്‍ദാരുടെ ഓഫിസിലേക്കാണ് മാറ്റിയത്.
ജനകീയ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയടക്കം പരാതി നല്‍കിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനയുടെ സമ്മര്‍ദം മൂലമാണ് നടപടിയെന്നാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഈ ഉദ്യോഗസ്ഥനു ലഭിക്കുന്ന നാലാം സ്ഥലം മാറ്റമാണിത്.
ഒന്നര മാസം മുന്‍പാണു കൂവപ്പടി ഓഫിസില്‍ ഈ ഉദ്യോഗസ്ഥന് ചുമതലയേറ്റത്. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഭരണാനുകൂല സംഘടനയില്‍പ്പെട്ട 2 പേരെ സ്ഥലം മാറ്റിയിരുന്നു. കലക്ടര്‍ എസ് സുഹാസ് മിന്നല്‍ പരിശോധന നടത്തുകയും ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഇതിനിടയല്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണവും തുടങ്ങി. ഈ നടപടികള്‍ക്കിടയിലാണ് വില്ലേജ് ഓഫിസറെ മാറ്റിയത്.
ചേലാമറ്റം വില്ലേജ് ഓഫിസര്‍ കുര്യന് തോമസാണ് കൂവപ്പടിയില്‍ ചുമതലയേല്‍ക്കുന്നത്. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പ്രാഥമിക അന്വേഷണം മാത്രമാണു നടന്നത്. തണ്ടപ്പേര് റജിസ്റ്ററില്‍ ക്രമക്കേടിനു സാഹചര്യമുണ്ടാക്കുക, എഫ്എംബി (ഫീല്‍ഡ് മെഷര്‍മെന്റ് ബുക്) സൂക്ഷിക്കാതിരിക്കുക, ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് സ്ഥലം അളന്നു പണം വാങ്ങി നല്‍കുക, പൊതുജനങ്ങളില്‍ നിന്നു വാങ്ങുന്ന കെട്ടിട നികുതി കൃത്യമായി സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമം 2018 പ്രകാരമുള്ള ഫോം 10, ഫോം8 എന്നീ റജിസ്റ്ററുകള് വില്ലേജ് ഓഫിസില്‍ സൂക്ഷിച്ചിരുന്നില്ല. മൂവാറ്റുപുഴ ആര്‍ഡി ഓഫിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബി മഹേഷ് ചുമതലയേറ്റ ശേഷം കഴിഞ്ഞ മാസമാണ് ഇവ തയാറാക്കിയത്.
സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ബി മഹേഷില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ ഡപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. വീണ്ടും വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് 2 ഉദ്യോഗസ്ഥരെ മാറ്റിയതും കലക്ടര്‍ മിന്നല്‍ പരിശോധന നടത്തിയതും.