പറവൂര്‍: ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ ചരിത്ര സ്മാരകങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഒരു മിടുക്കി. ഇന്ത്യയിലെ 7 ചരിത്ര സ്മാരകങ്ങള്‍ 3 കുപ്പികളിലായി 2 ദിവസം കൊണ്ടു വരച്ചാണു കാജല്‍ ജ്യോതിലാല്‍ നേട്ടം സ്വന്തമാക്കിയത്.
പെരുമ്പടന്ന അറയ്ക്കപറമ്പില്‍ ജ്യോതിലാല്‍, കവിത ദമ്പതികളുടെ ഏകമകളാണു കാജല്‍. ചരിത്ര സ്മാരകങ്ങളായ ഇന്ത്യ ഗേറ്റ്, ചാര്‍മിനാര്‍, ആഗ്ര ഫോര്‍ട്ട്, റെഡ് ഫോര്‍ട്ട്, താജ്മഹല്‍, കുത്തബ്മിനാര്‍, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവയാണ് ഈ മിടുക്കി കുപ്പികളില്‍ വരച്ചത്.
വരയ്ക്കുന്നതിന്റെ വിഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് അയച്ചുകൊടുത്തു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണു റെക്കോര്‍ഡ് നേടിയെന്ന വിവരം അറിയിച്ചു കൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്. പുരസ്കാരവും സര്‍ട്ടിഫിക്കറ്റും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ അയച്ചു നല്‍കും.
ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ കാജലിനു പെയിന്റിങ് ഹരമായിരുന്നു. ഒഴിഞ്ഞ കുപ്പികളില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു കൂട്ടുകാര്‍ക്കു സമ്മാനമായി നല്‍കിയാണു തുടക്കം. പ്രോത്സാഹനം ലഭിച്ചതോടെ ചെറിയൊരു വരുമാനമുണ്ടാക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ‘കുപ്പി’ എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ട് പ്രചാരം നേടി. ചിത്രരചന മാത്രമല്ല, 3 വയസ്സു മുതല്‍ കാജല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.