കൊച്ചി: ബിബിസി റേഡിയോയിലെ അഭിമുഖത്തില്‍ അഥിതിയായി എത്തി താരമായി കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍. കൊച്ചി നഗരത്തിലെ സ്ത്രീ സംരംഭകത്വത്തെക്കുറിച്ചായിരുന്നു അഭിമുഖം.
ബിബിസി റേഡിയോ പ്രൊഡ്യൂസര്‍ ഈവ് സ്ട്രീറ്റര്‍ ആണ് ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വെര്‍ച്വല്‍ അഭിമുഖം നടത്തിയത്. കെഎംഎയില് നടത്തിയ മേയറുടെ പ്രസംഗമാണ് അഭിമുഖത്തിനു വഴിയൊരുക്കിയത്.
കൊച്ചിയിലെ സ്ത്രീ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളും പരിപാടികളും എന്താണെന്ന് മനസിലാക്കുന്നതിനായാണ് ബിബിസി റേഡിയോ മേയറെ അഭിമുഖത്തിനു ക്ഷണിച്ചത്. സ്ത്രീ സംരംഭകരെ പിന്തുണക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്ന് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ പറഞ്ഞു.
കേരളത്തില്‍ വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍ പോലും സ്വയം സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിമുഖത കാട്ടിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്റ്റാര്‍ട്ടപ്പ് മിഷന് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഭാഗമായി മുപ്പതിനായിരത്തോളം ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ സ്ത്രീകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കേരളത്തിന്റെയും കൊച്ചി നഗരത്തിന്റെയും വളര്‍ച്ചയ്ക്ക് വന്‍ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംരംഭകയായ വിനോദിനി ആണ് അഭിമുഖത്തിന് മുന്‍കൈ എടുത്തതെന്നും ബിബിസി റേഡിയോ അഭിമുഖത്തിനു ക്ഷണിച്ചതില്‍ അത്ഭുതവും അഭിമാനവും ഉണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.