ലോകത്തെ ഏറ്റവും ശക്തനായ ബോഡിബില്‍ഡറെ പഞ്ചഗുസ്തിയില്‍ മലര്‍ത്തിയടിച്ച് കൊച്ചിക്കാരന് രാഹുല്‍ പണിക്കര്‍. നിലവിലെ 70 കിലോഗ്രാം വിഭാഗം ദേശീയ പഞ്ചഗുസ്തി ചാമ്പ്യനായ രാഹുല്‍ പണിക്കര്‍ ഇന്ത്യയുടെ അഭിമാന താരമാണ്.
കൊച്ചിക്കാരനായ രാജ്യത്തിന്റെ ഈ അഭിമാനതാരം തന്റെ കിരീട നേട്ടങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഒരു പുത്തന്‍ പൊന്‍തൂവല്‍ കൂടെ ചേര്‍ത്തു. അത് മറ്റൊന്നുമല്ല. ലോകത്തെ ഏറ്റവും ശക്തനായ ബോഡിബില്‍ഡറെ മലര്ത്തിയടിച്ചതാണ് ആ പൊന്‍തൂവല്‍. ലോകത്തെ ഏറ്റവും ശക്തനായ ബോഡി ബില്‍ഡര്‍ എന്ന ഖ്യാതിയുള്ള ലാറി വീല്സിനെയാണ് രാഹുല്‍ പണിക്കര്‍ പഞ്ചഗുസ്തിയില്‍ തോല്പിച്ചത്.
ദുബായില്‍ സംഘടിപ്പിച്ച സൂപ്പര്മാച്ചില് എളുപ്പമായിരുന്നില്ല രാഹുല്‍ പണിക്കരുടെ വിജയം. ആദ്യ രണ്ട് റൗണ്ടുകളിലും ലാറി വീല്സിനായിരുന്നു വിജയം. എന്നാല്‍ പിന്നീടുള്ള 3 റൗണ്ടുകളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ചാണ് രാഹുല്‍ പണിക്കര്‍ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ വീഡിയോ രാഹുല്‍ പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടര മിനുട്ടോളം ദൈര്‍ഖ്യമുള്ള ഹൈലൈറ്റ് വിഡിയോയില്‍ ആജാനബാഹുവായ ലാറി വീല്‍സിന് മുന്പില് ചെറിയ ഒരാളെ പോലെയാണ് രാഹുല്‍ പണിക്കര്‍. എന്നാല്‍ പഞ്ചഗുസ്തി മത്സരം കാണാന്‍ വന്നവര്‍ രാഹുലിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടുന്നത് വിഡിയോയില്‍ കാണാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6 വട്ടം ദേശീയ മെഡലുകള്‍ നേടിയ 31 വയസ്സുകാരനായ രാഹുല്‍ പണിക്കര്‍ യഥാര്‍ത്ഥത്തില്‍ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചഗുസ്തിയോടുള്ള താത്പര്യം ആണ് ഈ കായികവിനോദത്തിലേക്ക് കടന്നുവരാന്‍ രാഹുല്‍ പണിക്കരെ പ്രേരിപ്പിച്ചത്. രാഹുല്‍ പണിക്കരുടെ പിതാവും പിതാവിന്റെ സഹോദരന്മാരും ഫിറ്റ്നസ്സില്‍ ശ്രദ്ധാലുക്കളാണ്.
ഐആര്‍എസ് ഉദ്യോഗസ്ഥനായ രാഹുലിന്റെ അച്ഛന് പിടി പണിക്കര്‍ മുന്‍പ് പവര്‍ലിഫ്റ്റര്‍ ആയിരുന്നു. പിതാവിന്റെ സഹോദരന് ഉണ്ണികൃഷ്ണന് പണിക്കര്‍ ഇന്ത്യന്‍ ടീമിനെ വരെ പരിശീലിപ്പിച്ച വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യനുമാണ്. മറ്റൊരു സഹോദരന് എം പണിക്കര്‍ കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ സെക്രട്ടറിയാണ്.