അപകടത്തില്‍പ്പെട്ട് പരിക്കേല്‍ക്കുകയോ രോഗം ബാധിക്കുകയോ ചെയ്യുമ്പോള്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന സംസ്കാരമാണ് ഭൂരിഭാഗം മലയാളികളിലും ഇന്ന് കണ്ടു വരുന്നത്. എന്നാല്‍ അത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ എടുത്ത് വളര്‍ത്തി അവയ്ക്ക് ഒരിടം നല്കി അവയെ ശിശ്രൂഷിക്കുന്ന ഒരു കുടുംബത്തെ അറിയാം.
17 വര്‍ഷത്തിലധികമായി, അപകടത്തില്‍പ്പെട്ട് റോഡില്‍ ഉപേക്ഷിക്കപ്പെട്ടതും, പരുക്കേറ്റതുമായ നായകളെ കുട്ടികളെ പോലെ പരിപാലിക്കുകയാണ് എറണാകുളം കരിങ്ങാച്ചിറയിലെ ഒരു കുടുംബം. ഭര്‍ത്താവ് ജോണി വെണ്ടാരപ്പിള്ളിയുടെ മരണശേഷം ഭാര്യ റീന ജോണിയും മകനുമാണ് എറണാകുളം ഇരുമ്പനത്തെ ഫാം ഹൗസില്‍ പ്രായമായതും അംഗവൈകല്യം വന്നതുമായ നായകളെ പരിപാലിക്കുന്നത്.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡരികില്‍ നിന്ന് വണ്ടിയിടിച്ച് പരുക്കേറ്റ ഒരു നായയെ കിട്ടി, വീട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ പോലെ കണ്ട് അതിനെ ശ്രുശൂഷിച്ച് തുടങ്ങിയതാണ്, പിന്നീട് ഉപേക്ഷിക്കപ്പെട്ടതും, പരുക്കേറ്റതുമായ ഒരുപാട് നായകള്‍ക്ക് റീന ഇടവും ഭക്ഷണവും നല്കി. ഒരു സംഘടനയുടെയും ഭാഗമാകാതെ ഒരു ഓര്‍ഗനൈസേഷനും ഇല്ലാതെയാണ് ഉപേക്ഷിക്കപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന നായകളെ റീന ജോണി ഇവിടെ സംരക്ഷിക്കുന്നത്.
വളര്‍ത്തുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോയ കൊടുംക്രൂരതകള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുമ്പോഴാണ് തെരുവുനായകളെ സഹജീവികളായി കണ്ട് സംരക്ഷിക്കുന്ന ഈ കുടുംബം മാതൃകയാകുന്നത്.