മഞ്ഞുമ്മല്‍: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നു കളഞ്ഞുകിട്ടിയ മൂന്നര പവന്റെ താലിമാലയും ബാഗും ഉടമയെ തിരികെ ഏല്പിച്ച് നാടിന് മാതൃകയായി കാതാട് സ്വദേശിയായ ഷെല്ലി.
മഞ്ഞുമ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് സ്കൂട്ടറില്‍ വരുമ്പോഴാണ് ഷില്ലിക്ക് റോഡില്‍ കിടന്ന ബാഗ് കിട്ടുന്നത്. താലി മാലയും ജൂണ്‍ 5ന് നടന്ന വിവാഹത്തിന്റെ വിഡിയോയും ഉള്‍പ്പട്ട പെന്‍ഡ്രൈവും ആണ് ബാഗില്‍ ഉണ്ടായിരുന്നത്.
ബന്ധുവായ ബാബുവിന്റെയും ഏലൂര്‍ 28-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ ലീല ബാബുവിന്റെയും സഹായത്തോടെ ബാഗും മാലയും ഷെല്ലി പോലീസിനു നല്കി. പിന്നീട് എസ്ഐ പ്രദീപിന്റെ സാന്നിദ്ധ്യത്തില്‍ ഉടമയായ മുളന്തുരുത്തി സ്വദേശി അഭിലാഷിന് കൈമാറി.
അഭിലാഷ് തൃശുരിലുള്ള ഭാര്യ വീട്ടിലേക്കു ബൈക്കില്‍ പോകുമ്പോഴാണ് ബാഗ് റോഡില്‍ വീണത്. ബാഗ് നഷ്ടപ്പെട്ട വിവരം അഭിലാഷ് ഏലൂര്‍, ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ചിരുന്നു.
അമ്മയുടെ ചികിത്സയ്ക്ക് 70,000 രൂപ കെട്ടി വയ്ക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വരുമ്പോഴാണ് സ്വര്ണ്ണമാലയടങ്ങുന്ന ബാഗ് കിട്ടുന്നത്. സാമ്പത്തിക പരാധീനതയുണ്ടായിട്ടും സ്വര്‍ണം ഉടമസ്ഥനെ ഏല്പിക്കുവാന് മനസു കാണിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഷില്ലി.
അതേസമയം, കഴിഞ്ഞ മാസം പയ്യന്നൂര്‍ ദേശീയപാതയില്‍ കണ്ടോത്ത് കോത്തായിമുക്ക് ഹമ്പിന് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ ബ്രേസ്ലെറ്റ് ഉടമയെ ഏല്പിച്ചു. കണ്ടോത്തെ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറും കൂറുമ്പ ഭഗവതി ക്ഷേത്രം വടക്കുഭാഗം കാഴ്ച കമ്മിറ്റിയുടെ എക്സിക്യുട്ടീവ് അംഗവുമായ ആലക്കാട്ട് സുരേശനാണ് ഒന്നരപ്പവന്‍ ബ്രേസ്ലെറ്റ് കളഞ്ഞുകിട്ടിയത്.
ഉടന്‍തന്നെ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ഉടമയെ കണ്ടെത്തുന്നതിന് ശ്രമം നടത്തിയതിലൂടെ നീലേശ്വരം ചായ്യോത്ത് സ്വദേശി ജെയ്സന്റെതാണ് സ്വര്‍ണാഭരണം എന്ന് കണ്ടെത്തുകയും തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.