കൊച്ചി: വൃക്കദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറി കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസി മാത്യു. ജോസിയുടെ വലിയ മനസ്സുകൊണ്ട് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത് രണ്ടു കുടുംബങ്ങള്‍ക്കാണ്.
കഷ്ടതയനുഭവിക്കുന്ന ഏതെങ്കിലും രോഗിക്കു തന്റെ വൃക്ക നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ജോസി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യുന്നത്. വൃക്ക ആവശ്യമുള്ളയാളെ കണ്ടെത്തി ഫെഡറേഷന് വിളിച്ചെങ്കിലും രോഗി വൃക്ക സ്വീകരിക്കുന്നതിനു മുന്‍പേ മരിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശി നന്ദകുമാറിനു വൃക്ക നല്കാനാകുമോ എന്ന സന്ദേശം ഫെഡറേഷനില്‍ നിന്നു ലഭിക്കുന്നത്. നന്ദകുമാറിനു വൃക്ക നല്കാന് ജോസി തയാറായി. തുടര്‍ന്നു നന്ദകുമാറിന്റെ ഭാര്യ ബിന്ദു മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫിനു (28) വൃക്ക നല്കി. രണ്ടു ദാതാക്കളും രണ്ടു സ്വീകര്‍ത്താക്കളും ഉള്‍പ്പെട്ട വൃക്കദാനം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടന്നു.
വൃക്ക ദാനമായി ലഭിക്കുമ്പോള്‍ കുടുംബത്തിലെ ഒരംഗം വൃക്ക നല്‍കാറുണ്ടെങ്കിലും ഇത്തരത്തില്‍ ചെയിന്‍ വൃക്കദാനം നടക്കുന്നത് ആദ്യമായായാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
ദാതാക്കള്‍ ഇന്നലെ ഡിസ്ചാര്‍ജായി. വൃക്ക സ്വീകരിച്ച രണ്ടുപേരും അടുത്തയാഴ്ച ആശുപത്രി വിടും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. കെ വിനോദന്‍, ഡോ. ജോഷി ജോസ്, ഡോ. സച്ചിന് ജോസഫ് എന്നിവരും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കി. വൃക്ക കൊണ്ട് ഹൃദയബന്ധം സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ മൂന്നു കുടുംബങ്ങള്‍.