കുട്ടനാട്: സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാരത്തിന്റെ തിളക്കത്തില്‍ ആലപ്പുഴ ജില്ല. മികച്ച തെങ്ങുകയറ്റത്തൊഴിലാളി, മികച്ച സെയില്‍സ് ഗേള്‍ എന്നീ വീഭാഗങ്ങളില്‍ ജില്ലയിലെ രണ്ടു പേര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
40 വര്‍ഷമായി തെങ്ങുകയറുന്നതിന്റെ അനുഭവസമ്പത്തുമായാണ് രാമങ്കരി പഞ്ചായത്ത് 4-ാം വാര്‍ഡില്‍ മാമ്പുഴക്കരി വൈക്കത്തുശേരി കിഴക്കേചിറയില്‍ കെ ശശി(60) അവാര്‍ഡിന് അര്‍ഹനായത്. മെഷീന് ഉപയോഗിച്ചു തെങ്ങുകയറുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ അവസാന റൗണ്ടില്‍ പിന്തള്ളാന് ശശിയെ സഹായിച്ചത്, തളപ്പ് ഉപയോഗിച്ചു തെങ്ങുകയറുന്ന പരമ്പരാഗത ശൈലിയാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ അനുജന് അനുകുമാര്‍ അടക്കം കുട്ടനാട്ടില്‍ നിന്നുതന്നെ ധാരാളം സഹപ്രവര്‍ത്തകര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ആദ്യം ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസിലും പിന്നീടു കൊല്ലത്തും അവസാനം തിരുവനന്തപുരത്തും വിദഗ്ധരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയാണ് ശശി പുരസ്കാരം നേടിയത്.
തെങ്ങു പരിപാലനത്തിലുള്ള മികവും അവാര്‍ഡ് നേടാന്‍ സഹായകമായി. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാര്യ കമലമ്മ, മക്കളായ വി ശരത്ത്, ശാലുമോന്‍, മരുമകള്‍ രേഷ്മ, കൊച്ചുമകള്‍ ശ്രീയ എന്നിവര്‍.
മികച്ച സെയില്‍സ് ഗേള്‍ വിഭാഗത്തിലെ ലിജിയുടെ പുരസ്കാര നേട്ടത്തിനു പിന്നില്‍ 16 വര്‍ഷത്തെ അനുഭവപരിചയത്തിന്റെ ബലമുണ്ട്. തുറവൂര്‍ പുതുപ്പാടി വീട്ടിലേക്കു പുരസ്കാരമെത്തുമ്പോള്‍ ലിജിക്കൊപ്പം ഭര്‍ത്താവ് ഷാജിയും മകന് നിരന്ദേവും ആഹ്ലാദത്തിലാണ്.
2005ല്‍ തിരുവനന്തപുരം ആലപ്പാട്ട് സില്‍ക്സില്‍ സെയില്‍സ് ഗേളായാണ് തുടക്കം. വിവാഹ ശേഷം എരമല്ലൂരില്‍ ജോലിക്കു കയറി. ഉപഭോക്തൃ-തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവു കൂടിയാണ് ലിജിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. തൊഴില്‍സ്ഥാപനത്തിന്റെ പിന്തുണയും സഹായകമായെന്ന് ലിജി പറയുന്നു.