തൊടുപുഴ: ഇടുക്കിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഏഴല്ലൂര്‍ പ്ലാന്റേഷന് നടുവിലെ വീട്ടില്‍ രാജീവിന് 70 ലക്ഷം രൂപയാണ് ലോട്ടറിയടിച്ചത്. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ രാജീവിന് സ്വന്തമായത്.
രാജീവ് സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം 23 ടിക്കറ്റുകളാണ് എടുത്തത്. ഇതിലൊന്നിനാണ് ഇപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചു. നാട്ടുകാരനായ ലോട്ടറി വില്പനക്കാരന് മനോഹരനില്‍ നിന്നാണ് രാജീവന് ടിക്കറ്റ് വാങ്ങിയത്.
ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിലാണ് രാജീവനും കുടുംബവും. വാടകവീട്ടിലാണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്നതാണ് രാജീവിന്റെ ചെറിയ കുടുംബം.
ലോട്ടറിയടിച്ച പൈസയ്ക്ക് സ്വന്തമായി ഒരു വീടു നിര്‍മ്മിക്കണമെന്നതാണ് രാജീവന്റെ വലിയ ആഗ്രഹം. മറ്റ് വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്ന് ഇവര്‍ പറയുന്നു.