കോഴിക്കോട്: റോഡിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ മത്സരയോട്ടം നടത്തി അടകടത്തില്പ്പെട്ട സ്വകാര്യ ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. കോഴിക്കോടാണ് സംഭവം.
പെരുമണ്ണ – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഗസല്‍ ബസ്സും മെഡിക്കല്‍ കോളേജ് സിറ്റി റൂട്ടിലോടുന്ന ലാര്‍ക്ക് ബസ്സുമാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. മെഡിക്കല്‍ കോളേജ് – കോഴിക്കോട് റൂട്ടില്‍ തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടമുണ്ടായത്.
ചേവായൂര്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്ററില്‍ വച്ച് ബസ്സുകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനരഹിതമായും, ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. ഇതേതുടര്‍ന്ന് ഇരു ബസ്സുകളുടെയും ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാര്‍ശയും നല്കി.