മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുല്‍ ബാസിദ് (32) നെയാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ബസ്സില്‍ ബൈക്കില്‍ ഇടിച്ചെന്നും മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ കല്പകഞ്ചേരി മേലങ്ങാടി മണ്ടായപ്പുറത്ത് റാസിഖ് (28) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടക്ടര്‍ പറവണ്ണ സ്വദേശി പാലക്കവളപ്പില്‍ അസ്ലം (30) നും സാരമായി പരുക്കേറ്റു.
വളാഞ്ചേരിയില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ എം എച്ച് ബസ് വൈലത്തൂര്‍ ജംഗ്ഷനില്‍ വെച്ച് ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ വാഹനത്തില്‍ ഇടിച്ചെന്നും മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം.
യുവാവ് ബസ്സില്‍ കയറി ഡ്രൈവര്‍ സീറ്റിനു മുന്നില്‍ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.