കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. കോട്ടയം ജില്ലയിലാണ് സംഭവം. ആനിക്കാട് വില്ലേജ് ഓഫിസര്‍ ജേക്കബ് തോമസ് ആണ് പിടിയിലായത്. ഭൂമി പോക്കുവരവിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഇയാള്‍ വിജിലന്‍സ് നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് . ആനിക്കാട് സ്വദേശി എബ്രഹാം ജോണ്‍ ആണ് ജേക്കബ് തോമസിനെതിരെ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലേറെ തവണ വില്ലേജ് ഓഫീസില്‍ ചെന്നിട്ടും ഇത് ചെയ്തു കൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല.
also read: പീഡനശ്രമം തടഞ്ഞു, യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന് യുവാവ്, നടുക്കം
15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ പരാതിക്കാരന് 15,000 രൂപയുമായി വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിന് ഈ തുക കൈമാറി.
ഓഫീസിന് സമീപം പതിയിരുന്ന വിജിലന്‍സ് സംഘം തൊട്ടു പിന്നാലെ ജേക്കബ് തോമസിനെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി വി ആര് രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്.