പീഡനശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഇരുപത്തിയേഴുകാരന് അറസ്റ്റില്‍. കുഞ്ഞുമായി റോത്തക്കില്‍നിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ സന്ദീപ് എന്നയാളാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്ന് ചാടി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. തൊഹാനയില് എത്താന്‍ 20 കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ ഭാര്യ ഫോണില്‍ വിളിച്ചെന്നും തന്നെയുംകുഞ്ഞിനെയും കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കുഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍നിന്ന് ഇറങ്ങിവരികയായിരുന്നു. ചോദിച്ചപ്പോള്‍ ഒരാള്‍ അമ്മയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതായി പറഞ്ഞു. പൊലീസും യുവതിയുടെ കുടുംബവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ റെയില്‍വേ ട്രാക്കില്‍നിന്ന് മൃതദേഹം കണ്ടെടുത്തു.
യുവതി സഞ്ചരിച്ച കോച്ചില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫത്തേബാദ് പൊലീസ് മേധാവി ആസ്ത മോദി പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി റെയില്‍വേ പൊലീസ് എസ്ഐ ജഗ്ദിഷ് വ്യക്തമാക്കി.