കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങള്‍ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍ കണ്ടെ്ത്തി. കോഴിക്കോടാണ് സംഭവം. വടകരയ്ക്കടുത്ത് വാണിമേല്‍ വെള്ളിയോട് മീത്തലെ നടുവിലക്കണ്ടി എംഎന്‍ ഹാഷിം കോയ തങ്ങളുടെ വീട്ടില്‍ നിന്ന് കാണാതെ പോയ 30 പവന് സ്വര്‍ണാഭരണമാണ് കണ്ടെത്തിയത്.
വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണ വീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
also read: അഞ്ചാം വിവാഹത്തിനൊരുങ്ങി 55കാരന്, വിവാഹം മുടക്കി ആദ്യ ഭാര്യമാരും മക്കളും, അറസ്റ്റില്‍
തുടര്‍ന്ന് വളയം ഇന്‍സ്പെക്ടര്‍ എ അജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ശൗചാലയത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍ വേണ്ടി ശൗചാലയത്തിലെ ഫ്ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചു. വളയം പൊലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു.