പരിയാരം: പോലീസ് വേഷത്തില്‍ വാഹനപരിശോധനയും ബോധവത്കരണവും നടത്തിയ യുവാവിനെ കൈയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്. കണ്ണൂരിലാണ് സംഭവം. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അറസ്റ്റ്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് ജഗദീഷ്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പൊലീസ് വേഷത്തില്‍ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹന പരിശോധനയും, ബോധവല്‍ക്കരണവും ഉള്‍പ്പടെ നടത്തി വരികയായിരുന്നു.
also read: സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഇന്ന് കുറഞ്ഞത് 200 രൂപ, ഇപ്പോഴത്തെ വില ഇങ്ങനെ
പരിയാരം പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ജഗദീഷ് വാഹന പരിശോധന നടത്തിയത്. നിലവില്‍ പരിയാരം സ്റ്റേഷനില്‍ സിഐ ഇല്ല. മാത്രമല്ല മറ്റ് പൊലീസുകാരുടെ അകമ്പടിയൊന്നുമില്ലാതെ സിഐ ഒറ്റയ്ക്ക് പരിശോധന നടക്കുന്നതും നാട്ടുകാരുടെ സംശയത്തിന് കാരണമായി.
ഇതോടെയാണ് പ്രദേശവാസികളായ ചിലര്‍ പരിയാരം സ്റ്റേഷനില്‍ വ്യാജ സിഐയെപ്പറ്റി വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടായിരുന്നു ജഗദീഷിന്റെ ബൈക്ക് യാത്ര. യൂണിഫോമും, നെയിംബോര്‍ഡും, പൊലീസ് ബൂട്ടുമെല്ലാം കണ്ടാല്‍ ആരും തെറ്റിദ്ധരിക്കും.
എന്നാല്‍ പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റിയായിരുന്നു ഇയാള്‍ നിന്നിരുന്നത്. വാഹനങ്ങള്‍ തടഞ്ഞ് ബോധവത്കരണം നടത്തുകയും പരിശോധന നടത്തുകയും ചെയ്യും. നഗരത്തില്‍ വ്യാജ സിഐയുടെ വരവറിഞ്ഞ പരിയാരം എസ്ഐ വിപിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.