കോഴിക്കോട്; വധുവിന്റെ സാന്നിധ്യത്തില്‍ പള്ളിയില്‍ നിക്കാഹ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിന് പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നവവധു ബഹിജ ദലീല. സ്വന്തം കല്യാണത്തിന് തനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നിക്കാഹ് നടത്തുന്നത് എന്തിനാണ് എന്നാണ് എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ ചോദ്യം.
സിവില്‍ എന്‍ജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായി കഴിഞ്ഞ ആഴ്ചയായിരുന്നു ബഹിജ ദലീലയുടെ വിവാഹം. പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിലായിരുന്നു നിക്കാഹ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു.
alsoa read: വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു, പ്രതി 21കാരനായ ബംഗാള്‍ സ്വദേശി, തിരച്ചില്‍ ഊര്‍ജിതം
ഇതേ തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് ഇതിന് അനുമതിനല്‍കിയത്. അങ്ങനെ ബഹിജയുടെ സാന്നിധ്യത്തില്‍ നിക്കാഹ് നടന്നു. നിക്കാഹ് കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുന്ന ബഹിജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അതിനു പിന്നാലെ സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു. അതേസമയം, അച്ഛനും ഭര്‍ത്താവിനുമൊപ്പം നിക്കാഹ് കാണാന്‍ പറ്റിയത് അനുഗ്രഹമായാണ് ബഹിജ ദലീല കാണുന്നത്. തന്റെ കുടുംബത്തിലെ ആര്‍ക്കും ഇത്തരത്തില്‍ വിവാഹത്തിന് പങ്കെടുക്കാനായിട്ടില്ലെന്ന് ബഹിജ പറയുന്നു.
നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും ബഹിജ ചോദിച്ചു. പ്രവചിക്കാന്‍ പോലുമാകാത്ത വേഗതയിലാണ് ലോകം മാറുന്നതെന്നും പണ്ഡിതന്മാര് എന്നു പറയുന്നവര്‍ അത് മനസിലാക്കണമെന്നും ഫഹദ് കാസിമും വ്യക്തമാക്കി.
”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല” പെണ്‍കുട്ടിയുടെ സഹോദരന് ഫാസില്‍ ഷാജഹാന് പറഞ്ഞു.