ഇടുക്കി: യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഒഴുക്കില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് വീണ ഇവര്‍ ഒഴുക്കില്‍പ്പെട്ട ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിയപുരത്തിന് സമീപം തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറില്‍നിന്ന് ഒരുവിധത്തില്‍ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്. ശക്തമായ ഒഴുക്കില്‍ ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് കരയ്ക്ക് കയറിയത് മരിയപുരം പി.എച്ച്.എസിയുടെ പിന്നിലേക്കായിരുന്നു.
ഇത് കണ്ട പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്കി.