തന്റെ യജമാനനെ തേടി പെരുമഴയത്ത് അലഞ്ഞുതിരിയുന്ന നായക്കുട്ടി നൊമ്പരക്കാഴ്ചയാവുന്നു. മേലെചെമ്മണ്ണാര്‍ മേഖലയിലാണ് 2 ദിവസമായി പഗ് ഇനത്തില്‍പ്പെട്ട് നായക്കുട്ടി ഉടമയെ തേടി അലഞ്ഞ് തിരിയുന്നത്. ഇതുകണ്ടതോടെ യജമാനനെ കണ്ടെത്താന്‍ ഒന്നിച്ചിറങ്ങിയിരിക്കുകയാണ് പോലീസും നാട്ടുകാരും.
നായക്കുട്ടിയെ കണ്ടതോടെ പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഓമനത്തമുള്ള നായക്കുട്ടി കനത്ത മഴയില്‍ കറങ്ങി നടക്കുന്നതാണ് നാട്ടുകാരെ ആകെ വിഷമത്തിലാക്കുന്നത്. വിലപിടിപ്പുള്ള നായ ആയതിനാലാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്. നായയെ കാണാതായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസും അന്വേഷിച്ചുവരികയാണ്.
ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് സംഘം അടക്കമാണ് വിവര ശേഖരണം ആരംഭിച്ചത്. വീടുകളുടെ പരിസരങ്ങളിലെത്തുന്ന നായക്കുട്ടിക്ക് ഭക്ഷണം നല്‍കുന്നതും മേലെചെമ്മണ്ണാര്‍ നിവാസികളാണ്. എന്നാല്‍ ഇന്നലെ മുതല്‍ മഴ കനത്തതോടെയാണ് നാട്ടുകാര്‍ നായയുടെ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ആ മേഖലയിലെ ഏതെങ്കിലും വീട്ടില്‍ നിന്നു വഴിതെറ്റി കറങ്ങി നടക്കുന്ന നായയെന്നാണ് നാട്ടുകാരുടെയും നിഗമനം. ഉടമസ്ഥനെത്തുമെന്ന പ്രതീക്ഷയില്‍ ചെമ്മണ്ണാര്‍ നിവസികളുടെ പരിചരണത്തിലാണ് നായക്കുട്ടി.