തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ആഗസ്ത് ഏഴുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിനും വടക്കന്‍ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത.
ഓഗസ്റ്റ് 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരിടത്തും റെഡ് അലര്‍ട്ടില്ല.
തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഗര്‍ത്തം വലുതാകുന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. വൈദ്യുതി ബോര്‍ഡിനു കീഴിലെ 6 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടുണ്ടെങ്കിലും ഇവ തല്ക്കാലം തുറക്കില്ല. തുടര്‍ച്ചയായ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.